ജിഷ വധക്കേസില്‍ ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; മുഖ്യമന്ത്രിക്കു കത്ത് നല്‍കി

By Asianet NewsFirst Published May 25, 2016, 5:41 PM IST
Highlights

തിരുവനന്തപുരം: ജിഷ വധക്കേസില്‍ പുതിയ ആരോപണവുമായി പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണു ജിഷയെന്നും ഇയാളുടെ സ്വത്തില്‍ അവകാശം ചോദിച്ചതിനു പിന്നാലെയാണു കൊലപാതകമെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷണമാവശ്യപ്പെട്ടാണു ജോമോന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ജിഷയുടെ അമ്മ രാജേശ്വരി 20 വര്‍ഷത്തിലേറെ പെരുമ്പാവൂരിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്നാണു പരാതിയില്‍ പറയുന്നത്. ഇക്കാലത്ത് ഈ നേതാവിനു ജനിച്ച കുഞ്ഞാണു ജിഷയെന്നു ജോമോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നു തിരിച്ചറിഞ്ഞ ജിഷ നേതാവിന്റെ വീട്ടിലെത്തി സ്വത്തില്‍ അവകാശം ചോദിച്ചെന്നും ഇല്ലെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കുമെന്നും ഭീഷണിപ്പെടുത്തിയത്രേ. ഇതിനു ശേഷമാണു ജിഷ കൊല്ലപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.

ജിഷയുടെ മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിച്ചതും പോസ്റ്റ്‌മോര്‍ട്ടം നടപടികളിലുണ്ടായ വീഴ്ച്ചയുമെല്ലാം കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമായിരുന്നെന്നു ജോമോന്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം തെളിവുകള്‍ നശിപ്പിച്ചെന്നും  ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് ഡി ജി പിക്കും  ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കിയിരിക്കുന്നത്.

click me!