അധികസീറ്റ് ഉറപ്പിക്കാൻ ജോസ് കെ മാണിയുടെ കേരളയാത്ര ഇന്നുമുതൽ

By Web TeamFirst Published Jan 24, 2019, 6:53 AM IST
Highlights

യുഡിഎഫിൽ തിരിച്ചെത്തിയ പാർട്ടി പ്രവർത്തകർക്ക് മുന്നണിയുമായി ഇഴുകി ചേരുന്നതിനും കൂടുതൽ സീറ്റെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും ജോസ് കെ മാണിയുടെ കേരള യാത്ര വേദിയാകും.

കാസർകോട്: ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രചാരണയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാകും. കർഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് യാത്ര. 20 വർഷത്തിന് ശേഷമാണ് കേരള കോൺഗ്രസ് കേരള യാത്രയുമായെത്തുന്നത്. 1998 ൽ കെ എം മാണിയാണ് ഒടുവിൽ കേരളയാത്ര നടത്തിയത്. 22 ദിവസം നീണ്ട് നിൽക്കുന്ന യാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാസർകോട് ഉദ്ഘാടനം ചെയ്യും.

കർഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് യാത്ര. ലോക്സഭാ തെരഞെടുപ്പിന് മുമ്പായി നടത്തുന്ന യാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളും ഏറെയുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം യുഡിഎഫിൽ തിരിച്ചെത്തിയ പാർട്ടി പ്രവർത്തകർക്ക് മുന്നണിയുമായി ഇഴുകിച്ചേരുന്നതിനും കൂടുതൽ സീറ്റെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനും കേരളാ കോൺഗ്രസ് യാത്ര വേദിയാക്കും. യാത്രക്കിടയിലെ സ്വീകരണ സമ്മേളനങ്ങളിൽ യുഡിഎഫിലെ മറ്റ് ഘടകക്ഷി നേതാക്കളുടെ സാന്നിദ്ധ്യവും കേരളാ കോൺഗ്രസ് ഉറപ്പാക്കിയിട്ടുണ്ട്.

2030ൽ കേരളത്തിൽ നിന്നും മുപ്പത് എംഎൽഎമാരെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'മിഷൻ 2030'ന്‍റെ ഭാഗമായാണ് യാത്ര. പാർട്ടിക്ക് സ്വാധീനമില്ലാത്ത മലബാർ മേഖലകളിലെ ജില്ലകളിൽ ഒരോദിവസവും മധ്യകേരളം മുതൽ പത്തനംതിട്ടവരെയുള്ള ജില്ലകളിൽ രണ്ട് ദിവസവുമാണ് യാത്ര പര്യടനം നടത്തുക. ഫെബ്രുവരി പതിനഞ്ചിന് തിരുവനന്തപുരത്ത് കേരളയാത്ര സമാപിക്കും.

click me!