മാധ്യമവിലക്ക്; സെക്രട്ടേറിയേറ്റിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ നാളെ മാർച്ച് നടത്തും

By Web TeamFirst Published Dec 3, 2018, 12:38 PM IST
Highlights

മാധ്യമപ്രവര്‍ത്തകര്‍ നാളെ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും

തിരുവനന്തപുരം: മാധ്യമവിലക്ക് പൂർണ്ണമായും പിൻവലിക്കണമെന്ന ആവശ്യവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നാളെ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും.

അതേസമയം മാധ്യമനിയന്ത്രണ ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിലവിലുള്ള സർക്കുലറിനെ കുറിച്ച് ചിലർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാണ് മാറ്റങ്ങള്‍ കൊണ്ടുവരിക. നിലവിലെ മാനദണ്ഡങ്ങൾ പരിഗണിച്ച് യുക്തമായ മാറ്റങ്ങൾ വരുത്തുമെന്നും കെ സി  ജോസഫിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

ഔദ്യോഗിക പരിപാടികളിലും മറ്റും അക്രഡിറ്റേഷനോ എന്‍ട്രി പാസ്സോ ഉള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കും. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. 

ദൃശ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കൂടുതല്‍ സജീവമായ ഇക്കാലത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതു സമയത്തും അവരെ സമീപിക്കേണ്ടിവരുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ എല്ലാവര്‍ക്കും സുഗമമായി ലഭിക്കുന്നതിന് മുന്‍കൂട്ടി എല്ലാവര്‍ക്കും അറിയിപ്പ് ലഭ്യമാക്കുക എന്ന ഒരു നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.

പത്രസമ്മേളനങ്ങള്‍ക്ക് പുറമേ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യതയോടെയും ഫലപ്രദമായും മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പി ആര്‍ ഡി മുഖേന ഏകോപിപ്പിക്കുന്നതിനുള്ള പൊതു നിര്‍ദ്ദേശമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

ഇക്കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ നേരത്തെ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് യുക്തമായ ഭേദഗതി വരുത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

click me!