ജോയ്‌സ് ജോര്‍ജ് എംപിക്കെതിരായ നടപടി; പട്ടയക്കാര്‍ എല്ലാം ഭയക്കേണ്ടതുണ്ടോ?

Published : Nov 11, 2017, 06:36 PM ISTUpdated : Oct 04, 2018, 04:29 PM IST
ജോയ്‌സ് ജോര്‍ജ് എംപിക്കെതിരായ നടപടി; പട്ടയക്കാര്‍ എല്ലാം ഭയക്കേണ്ടതുണ്ടോ?

Synopsis

ഇടുക്കി: ജോയ്‌സ് ജോര്‍ജ് എം.പിയുടെ കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച നടപടിയില്‍ ഭയാശങ്കരായി നാട്ടുകാരും ഒരുകൂട്ടം കര്‍ഷകരും. പട്ടയത്തില്‍ പറഞ്ഞ പ്രകാരമുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജോയ്‌സ് ജോര്‍ജ് എം.പിയുടെ പിതാവ് വാങ്ങിയ ഭൂമിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചുപിടിച്ചിരിക്കുന്നത്. എന്നാല്‍ നിയമപരമായി പട്ടയം ലഭിച്ചവരും ഇപ്പോള്‍ ആശങ്കയിലാണ്. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൈയേറ്റങ്ങള്‍ വരെ ഒഴിപ്പിക്കുന്ന നടപടിയുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നതാണ് പട്ടയ ഉടമകളെ ആശങ്കയിലാക്കുന്നത്. എന്നാല്‍ ഇത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് എം.പിക്കെതിരായ നടപടിയുടെ കാരണങ്ങള്‍ വ്യക്തമാക്കുന്നത്. 

എം.പിയില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി 12 വര്‍ഷത്തിന് ശേഷമേ ക്രയവിക്രയം ചെയ്യാന്‍ പാടുള്ളൂ എന്ന് ചട്ടമുള്ള പട്ടയ ഇനത്തില്‍ പെട്ടതാണ്. ഈ ചട്ടം മറികടന്നാണ് ജോയിസ് ജോര്‍ജ് എം.പിയുടെ പിതാവ് പാലിയത്ത് ജോര്‍ജ് 2005ല്‍ നാല് പട്ടയ ഉടമകളില്‍ നിന്നായി ഭൂമി വാങ്ങിയത്. വിവിധ കുടുബാംഗങ്ങളുടെ പേരിലായി ഇത്തരത്തില്‍ കൈവശമുള്ള 48 ഏക്കറില്‍ 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് നിലവില്‍ റദ്ദ് ചെയ്തിരിക്കുന്നത്. മുമ്പ് ഇവിടെ താമസിച്ചിരുന്ന 200 ഓളം വരുന്ന പിന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ 1967 ല്‍ അനുവദിച്ചു നല്‍കിയ ഭൂമിയുടെ ഭാഗമായിരുന്നു ഇത്.

എന്നാല്‍ കൊട്ടാക്കമ്പൂരിലെ 2500-ാളം വരുന്ന കുടുംബങ്ങളാണ് ആശങ്കയിലുള്ളത്. എം.പി കുരുക്കിലായതോടെ തങ്ങളുടെ നേരെ ഉയരുന്ന തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് കര്‍ഷകരുടെ ആശങ്കളേറ്റുന്നത്. വട്ടവട പഞ്ചായത്തില്‍ 58, 59, 60, 62 എന്നീ നാലു ബ്ലോക്കുകളിലായി ആകെ 15.515 ഹെക്ടര്‍ ഭൂമിയാണ് കൊട്ടാക്കമ്പൂര്‍, വട്ടവട എന്നീ വില്ലേജുകളിലുള്ളത്. ഇതില്‍ 5000 ഏക്കര്‍ വനഭൂമിയാണ്. ബാക്കിയുള്ള ഭൂമിയാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും കൈവശമുള്ളത്. 

5000 ഏക്കര്‍ വനഭൂമിയില്‍ തന്നെ ഉള്‍പ്പെട്ടതാണ് കുറിഞ്ഞി സാങ്ച്വറിയും. മൂന്നു വിവിധ ഘട്ടങ്ങളിലായാണ് കൊട്ടക്കമ്പൂരിലുള്ളവര്‍ക്ക് പട്ടയം അനുവദിച്ചിരുന്നത്. ആര്‍.സി പട്ടയം, 1964 ലെ സെറ്റില്‍മെന്റ് എഗ്രിമെന്റ് പ്രകാരമുള്ള പട്ടയം. ലാന്‍ഡ് റവന്യൂ പട്ടയം എന്നിങ്ങനെയാണ് പട്ടയം. 1964 ല്‍ റവന്യൂ വകുപ്പ് രൂപീകൃതമായതോടെയാണ് പട്ടയം നല്‍കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയിലായത്. 

വനഭൂമി ഒഴികെയുള്ള സ്ഥലത്ത് 2100-ാളം വരുന്ന കര്‍ഷകര്‍ കൃഷി ചെയ്തു വരികയാണ്. ആദിവാസികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പുരയിടം കൂടാതെ ഗ്രാന്‍ഡിസ്, പച്ചക്കറി, പഴം എന്നിങ്ങനെയുള്ള കൃഷികളാണ് ഇവിടെ കൃഷി ചെയ്തു വന്നിരുന്നത്. ആകെയുള്ള ജനങ്ങളില്‍ എണ്‍പതു ശതമാനവും കാര്‍ഷികവൃത്തി നടത്തി വന്നിരുന്നവരാണ്. 

പട്ടയത്തിന്‍മേലുള്ള നടപടികള്‍ പ്രമുഖ ജനപ്രതിനിധിക്ക് പോലും എതിരായതോടെ ഇത്തരത്തില്‍ അനുവദിച്ചു കിട്ടിയ തങ്ങളുടെ രേഖകളും അസാധുവാകുമോ എന്നുള്ള ആശങ്കയിലാണ് കര്‍ഷകര്‍. സംസ്ഥാനത്തിന്റെ പച്ചക്കറി കലവറയായ വട്ടവടയിലെ ഭൂമി പ്രശ്നങ്ങല്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയതോടെ ഭൂമിയുടെ ക്രയവിക്രയം അനിശ്ചതത്വത്തിലാകുമെന്നും കര്‍ഷകര്‍ ഭയപ്പെടുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം