കേരളത്തിന് എയിംസ് അനുവദിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ

By Web TeamFirst Published Aug 6, 2018, 7:48 PM IST
Highlights

2014-ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഒരോ വര്‍ഷവും ബജറ്റില്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്കായി എയിംസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും കേരളത്തിന് എയിംസ് ലഭിച്ചിട്ടില്ല. 

​ദില്ലി: കേരളത്തിന് എയിംസ് അനുവദിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. എയിംസ് ഇതുവരെ അനുവദിച്ചിട്ടില്ലെന്നാണ് അറിയിച്ചതെന്നും പറഞ്ഞത് വസ്തുത മാത്രമാണെന്നും ജെ.പി.നഡ്ഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഘട്ടംഘട്ടമായാണ് സംസ്ഥാനങ്ങൾ എയിംസ് അനുവദിക്കുന്നതെന്നും ജെപി നഡ്ഡ ചൂണ്ടിക്കാട്ടി. 

നേരത്തെ കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന രീതിയിൽ ആരോ​ഗ്യമന്ത്രി ലോക്സഭയിൽ മറുപടി പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രം​ഗത്തു വന്നത്. 2015 മുതല്‍ പലതവണയായി കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായിരുന്നു.

എയിംസ് ലഭിക്കുമെന്ന് കേന്ദ്രംഅറിയിച്ചതോടെ വിവിധ ജില്ലകളില്‍ നിന്നും ഇതിനായും അവകാശ വാദവും ഉയര്‍ന്നു. ശശിതരൂരും ഒ.രാജഗോപാലും തിരുവനന്തപുരത്തിനായി ശബ്ദമുയര്‍ത്തിയപ്പോള്‍, ജോസ് കെ മാണി കോട്ടയത്തിന് വേണ്ടി വാദിച്ചു. പി.രാജീവും കെ.വി.തോമസുമടക്കമുള്ളവര്‍ എറണാകുളത്തിന് വേണ്ടിയും എം.കെ.രാഘവന്‍ എംപി കോഴിക്കോടിന് വേണ്ടിയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ ഒരേ പോലെ സമ്മര്‍ദ്ദം ചെലുത്തി. 

ഈ നാലു സ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് അനുയോജ്യമെന്ന് തോന്നുന്ന സ്ഥലത്ത് എയിംസ് സ്ഥാപിക്കട്ടെ എന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നിപ വൈറസ് അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി എയിംസ് കോഴിക്കോട് സ്ഥാപിക്കാനാണ് നിശ്ചയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം കേന്ദ്രത്തിന് സംസ്ഥാനം കത്തു കൊടുക്കുകയും ചെയ്തു. 

ഇതിനിടയിലാണ് തിരുവനന്തപുരം എ.പി ശശി തരൂര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയില്‍ മറുപടി നല്‍കിയത്. എന്നാല്‍ താന്‍ വസ്തുത മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും ഇതുവരെ എയിംസ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നുമാണ് നഡ്ഡ വിശദീകരിക്കുന്നത്.

1956-ല്‍ ദില്ലിയില്‍ സ്ഥാപിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സ്ഥാപനങ്ങളിലൊന്നാണ്. 2012-ല്‍ മധ്യപ്രദേശ്, ഒഡീഷ,രാജസ്ഥാന്‍, ബീഹാര്‍, ചത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രം എയിംസ് സ്ഥാപിച്ചിരുന്നു. 

2014-ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഒരോ വര്‍ഷവും ബജറ്റില്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങൾക്കായി എയിംസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും കേരളത്തിന് എയിംസ് ലഭിച്ചിട്ടില്ല. 

2014-ല്‍ പ്രഖ്യാപിച്ച എയിംസ്- മംഗലഗിരി-ആന്ധ്രപ്രദേശ്, കല്ല്യാണി - പശ്ചിമബംഗാള്‍, വിഭര്‍ഭ-മഹാരാഷ്ട്ര,ഗൊരഖ്പുര്‍-ഉത്തര്‍പ്രദേശ്).

2015-ല്‍ പ്രഖ്യാപിച്ചവ -ചങ്ങ്‌സരി-അസം, വിജയ് പുര്‍-ജമ്മു, അവന്തിപുര-കശ്മീര്‍, ബതിനഡ-പഞ്ചാബ്, ബിലാസ്പുര്‍-ഹിമാചല്‍പ്രദേശ്, മധുരൈ-തമിഴ്‌നാട്.

2017ല്‍ പ്രഖ്യാപിച്ചവ - ദിയോഘര്‍-ജാര്‍ഖണ്ഡ്, വഡോദര അല്ലെങ്കില്‍ രാജ്‌കോട്ട്-ഗുജറാത്ത്, ഹൈദരാബാദ്-തെലങ്കാന.

click me!