
ഒഹായോ: പോലീസുകാരെക്കൊണ്ട് ചുവന്ന ടേപ്പുകൊണ്ട് പ്രതിയുടെ വായടപ്പിച്ച് ജഡ്ജി. യുഎസിലെ ഒഹായോ സംസ്ഥാനത്തെ ക്ലീവ്ലാൻഡിലുള്ള കോടതി മുറിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾക്കു വിചാരണ നേരിട്ട ഫ്രാങ്ക്ലിൻ വില്യംസിനുള്ള ശിക്ഷ തീരുമാനിക്കുന്നതിൽ വാദം നടക്കുകയായിരുന്നു.
ഇടയ്ക്കു കയറി സംസാരിച്ചുകൊണ്ടിരുന്ന വില്യംസിനോട് ജഡ്ജി ജോൺ റൂസോ പലവട്ടം മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. വാദിഭാഗത്തിനു പറയാനുള്ളതു കേട്ടിട്ട് അവസരം തരാമെന്നും പറഞ്ഞു. “ഞാനാണ് ഇവിടെ ജഡ്ജി, നീ നിന്റെ വായടച്ചോണം, എപ്പോഴാണ് സംസാരിക്കേണ്ടതെന്നു ഞാൻ പറയാം, അല്ലെങ്കിൽ വായിൽ തുണി തിരുകും” എന്നൊക്കെ ജഡ്ജി പറഞ്ഞെങ്കിലും വില്യംസ് കൂട്ടാക്കാതെ ഒച്ചവച്ചു.
തുടർന്ന് ഇയാളുടെ വായ ടേപ്പ് വച്ച് ഒട്ടിക്കാൻ ജഡ്ജി ഉത്തരവിട്ടു. പോലീസുകാർ ചുവന്ന ടേപ്പ് ഒട്ടിച്ച് വില്യംസിനെ നിശബ്ദനാക്കി. തനിക്കു പറയാനുള്ളതു കേൾക്കാൻ കൂട്ടാക്കാത്തതുകൊണ്ടാണ് തുടർച്ചയായി ഒച്ചവച്ചതെന്നു വില്യംസ് പിന്നീടു പറഞ്ഞു. മനുഷ്യാന്തസിനു നേർക്കുള്ള ആക്രമണമാണ് ജഡ്ജി നടത്തിയതെന്നു സിവിൽ ലിബർട്ടീസ് യൂണിയൻ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam