
തിരുവനന്തപുരം: 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി രൂപീകരിച്ച് ഉത്തരവിറങ്ങി. പ്രശസ്ത ചലച്ചിത്രകാരൻ കുമാർ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയർമാൻ. രചനാവിഭാഗം ജൂറി ചെയർമാൻ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പി കെ പോക്കറാണ്.
ഷെറി ഗോവിന്ദൻ, ജോർജ് ജോസഫ് (ജോർജ് കിത്തു), കെ.ജി. ജയൻ, മോഹൻദാസ്, വിജയകൃഷ്ണൻ, ബിജു സുകുമാരൻ, പി.ജെ. ഇഗ്‌നേഷ്യസ് (ബേണി ഇഗ്‌നേഷ്യസ്), നവ്യ നായർ എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങൾ. ഡോ. ജിനേഷ് കുമാർ എരമോം, സരിത വർമ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങൾ. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പർ സെക്രട്ടറിയാണ്.
ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സംവിധാനം ചെയ്ത ആമി, അക്കാദമി വൈസ് ചെയർപേഴ്സൺ ചിത്രസന്നിവേശം നിർവഹിച്ച കാർബൺ എന്നീ സിനിമകൾ അവാർഡിന് പരിഗണിക്കണോ എന്ന കാര്യത്തിൽ അക്കാദമിയിൽ ആശയക്കുഴപ്പം തുടരുകയാണ്. രണ്ട് സിനിമകളും പരിഗണിക്കേണ്ടതില്ല എന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിൻറെ അഭിപ്രായം. അക്കാദമി എക്‌സിക്യുട്ടീവ് അംഗങ്ങളുടെ സിനിമകള്‍ വ്യക്തിഗതപുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കാറില്ല. അതേസമയം സിനിമയുടെ അണിയറപ്രവർത്തകർക്ക് പുരസ്കാരം നൽകുന്നതിന് നിയമതടസമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam