
ദില്ലി: ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് സുപ്രീംകോടതിയിൽ നിന്ന് പടിയിറങ്ങുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ വിധി എഴുതിയതിന്‍റെ തിളക്കവുമായാണ് പടിയിറക്കം. ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിന്‍റെ പ്രവര്‍ത്തന ശൈലിക്കെതിരെ സഹപ്രവര്‍ത്തകർക്കൊപ്പം പരസ്യമായി പ്രതികരിച്ച് കൊണ്ട് വിവാദങ്ങളുടെ ചരിത്രത്തില്‍ കൂടി ഇദ്ദേഹം ഇടംപിടിച്ചു.
ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസിന്‍റെ പദവിയില്‍ നിന്ന് 2013 മാര്‍ച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് , രാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ പടി ചവിട്ടുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഈ കാലടി സ്വദേശിക്ക് അഭിമാനിക്കാനേറെയാണ്. എണ്ണം പറഞ്ഞ വിധികളിലടെ പല തവണ നിയമജ്ഞരുടെ പ്രശംസ നേടി. ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമായിരുന്ന് പല സുപ്രധാന വിധികളുടെ ഭാഗഭാക്കായി. മുത്തലാഖ് , ജുഡീഷ്യല്‍ നിയമന കമ്മീഷന്‍, പട്ടിക വിഭാഗ സംവരണം തുടങ്ങിയ വിവാദ കേസുകളും ഇതിലുള്‍പ്പെടും. വിധിന്യായങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കുന്നതിലുടെയും ശ്രദ്ധ പിടിച്ചുപറ്റി. ദാമ്പത്യ തര്‍ക്ക് കേസുകളില്‍ കക്ഷികളെ രമ്യതയിലാക്കുന്നതിനും സമാധാനപരമായി വേര്‍പിരിക്കുന്നതിനും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഒരു ദാമ്പത്യതര്‍ക്ക കേസ് പരിഹരിച്ചപ്പോള്‍ ദമ്പതികളുടെ കുഞ്ഞ് സമ്മാനിച്ചത് വര്‍ണചിത്ര കാര്‍ഡ് ആയിരുന്നു. ഈ കാര്‍ഡും വിധിന്യായത്തില്‍ ഉള്‍പ്പെടുത്താന്‍ കുര്യാന്‍ ജോസഫ് മറന്നില്ല.
ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ നീതിന്യായ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്താണ് ഈ നിമിഷങ്ങള്‍. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനശൈലിക്കെതിരെ മറ്റ് മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ദിവസം. ഇതിന്‍റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല.ചിലപ്പോഴെല്ലാം സ്വന്തം നിലപാടുകള്‍ പരസ്യമായ പ്രകടിപിക്കാനും അദ്ദേഹം മടിച്ചില്ല. ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി അയച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കാന്‍ അദ്ദഹം തയ്യാറായി. ഇനിയും മൗനം പാലിച്ചാല്‍ ചരിത്രം മാപ്പുതരില്ലെന്നായിരുന്നു ജസ്റ്റിന്‍ കുര്യന്‍ ജോസഫ് അന്ന് പ്രതികരിച്ചത്. കോടതിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് വിടപറയുമ്പോള്‍ മറ്റൊരു ബഹുമതി കൂടി ഇദ്ദേഹത്തിനൊപ്പമുണ്ട്. ആയിരത്തിലേറെ വിധികള്‍ എഴുതിയവരുടെ പട്ടികയില്‍ പത്താം സ്ഥാനമാണ് ജസ്റ്റിന്‍ കുര്യന്‍ ജോസഫിന്. അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടമെന്നതും ഏറെ ശ്രദ്ധേയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam