
പത്തനംതിട്ട: ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സംഘം കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി രംഗത്തെത്തി. നിരീക്ഷക സമിതിക്ക് എതിരെയുള്ള ദേവസ്വം മന്ത്രിയുടെ ആരോപണത്തിലാണ് ഹൈക്കോടതി നിരീക്ഷക സമിതിയുടെ പ്രതികരണം.
കടകംപള്ളി സുരേന്ദ്രന് എന്തും പറയാം. ഞങ്ങൾക്കതിനോട് പ്രതികരിക്കാൻ കഴിയില്ലെന്നും സാധാരണ പോലെ റിപ്പോർട്ട് ഫയൽ ചെയ്യുമെന്നും നിരീക്ഷണ സംഘത്തിലെ ജസ്റ്റിസ് പി ആര്‍ രാമൻ മാധ്യമങ്ങളോട് പറഞ്ഞു. യുവതികൾ എത്തുന്ന സംഭവം സമിതിയുടെ പരിധിയിൽ വരുന്നതല്ല. ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. പിന്നെ ആരും തങ്ങളോട് ഉപദേശം ചോദിച്ചിട്ടില്ല. ശബരിമലയിൽ നിലവിലെ സംവിധാനങ്ങളെ കുറിച്ചുള്ള തൃപ്തിയും അതൃപ്തിയും കോടതിയെ റിപ്പോർട്ട് മുഖാന്തിരം അറിയിക്കുമെന്നും ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു.
ശബരിമലയില്‍ എത്ര കക്കൂസ് ഉണ്ടെന്നുള്ള അന്വേഷണത്തിനല്ല ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. സ്ത്രീ പ്രവേശനമടക്കം അവിടെ ഉയര്‍ന്ന് വന്ന ക്രമസമാധാന പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് നിരീക്ഷക സമിതിയെ നിയോഗിച്ചിട്ടുള്ളത്. സാധാരണക്കാരായിട്ടുള്ള ആളുകള്‍ അല്ല സമിതിയില്‍ ഉള്ളത്. രണ്ട് സമുന്നതരായ മുതിര്‍ന്ന ജഡ്ജിമാരും ഐപിഎസ് ഓഫീസറുമാണ്. അവര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശങ്ങള്‍ നല്‍കണം. മറ്റുള്ള കാര്യങ്ങള്‍ക്ക് അവിടെ മറ്റൊരു സമിതി ഉണ്ട്. എല്ലാ ദിവസവും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നുമുണ്ട് എന്നായിരുന്നു കടകംപള്ളി പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam