
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്വന്തമാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. കോട്ടയം ഡിസിസി കുത്തിനോവിച്ചുവെന്ന് കെ എം മാണി ആരോപിച്ചു. കരാർ ലംഘനം ആദ്യം നടത്തിയത് കോൺഗ്രസാണ് . കോൺഗ്രസ് മലർന്നുകിടന്ന് തുപ്പുകയാണെന്നും കെ എം മാണി പറഞ്ഞു .
ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾ സ്വയം എടുത്ത തീരുമാനമാണ് . തനിക്കും ജോസ് കെ മാണിക്കും ഇതില്‍ പങ്കില്ല. എംഎൽഎമാർക്കും തീരുമാനത്തിൽ പങ്കില്ല. സിപിഎമ്മിലേക്ക് പോകാൻ തീരുമാനിച്ചിട്ടില്ലെന്നും മുന്നണി മാറ്റത്തിലെ ചർച്ച തെരഞ്ഞെടുപ്പ് ആകുമ്പോൾ മാത്രമാണെന്നും എൽഡിഎഫുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മാണി വ്യക്തമാക്കി.
സി പി ഐ എമ്മുമായുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ സഖ്യനീക്കം കടുത്ത വിശ്വാസ വഞ്ചനയെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചതിന്‍റെ പിന്നാലെയാണ് മാണിയുടെ തിരിച്ചടി. ജോസ് കെ മാണിയും എം എല്‍ എമാരും രാജിവയ്ക്കണമെന്നും സഖ്യനീക്കങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും ജോഷി ഫിലിപ്പ് വ്യക്തമാക്കിയിരുന്നു.
ഇടതുപിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ സക്കറിയ കുതിരവേലിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എട്ടിനെതിരെ 12 വോട്ടുകള്‍ക്കാണ് സക്കറിയ കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ പ്രതിനിധി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍, പി സി ജോര്‍ജ്ജിനെ അനുകൂലിക്കുന്ന അംഗം വോട്ട് അസാധുവാക്കി. പുതിയ സഖ്യനീക്കത്തോടെ കെ എം മാണി ഇടതുമുന്നണിയിലേക്ക് വരുകയാണെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് ബന്ധം കെ എം മാണി പൂര്‍ണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്തില്‍ സിപിഐഎം പിന്തുണ സ്വീകരിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam