ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് വിവാദത്തിൽ പ്രതികരണവുമായി വി കെ പ്രശാന്ത്. സാധാരണക്കാർക്ക് വേണ്ടിയാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തിൽ പ്രതികരണവുമായി എംഎൽഎ വി കെ പ്രശാന്ത്. സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ് ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് കഴിഞ്ഞ് ഏഴു വർഷമായി പ്രവർത്തിക്കുന്നത്. ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്നും വി കെ പ്രശാന്ത് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. എന്തിനാണ് ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ്, അത് എംഎൽഎ കോട്ടേഴ്സിന്‍റെ രണ്ടാമത്തെ നിലയിൽ വെച്ചുകൂടെ എന്ന് പറയുന്നവർക്കുള്ള മറുപടിയാണിതെന്നും വി കെ പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. വീൽചെയറിൽ ഇരിക്കുന്ന ഒരാൾക്കൊപ്പമുള്ള ചിത്രവും ചേർത്താണ് പോസ്റ്റ്. 

വി കെ പ്രശാന്ത് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വി കെ പ്രശാന്ത് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'എന്തിനാണ് ശാസ്തമംഗലത്ത് MLA ഓഫീസ് അത് എംഎൽഎ കോട്ടേഴ്സിന്‍റെ രണ്ടാമത്തെ നിലയിൽ വെച്ചുകൂടെ എന്ന് പറയുന്നവർക്കുള്ള മറുപടി ...

സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ് ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് കഴിഞ്ഞ് ഏഴു വർഷമായി പ്രവർത്തിക്കുന്നത് , ഇനിയും അത് തുടരുക തന്നെ ചെയ്യും ❣️'- വി കെ പ്രശാന്ത് എംഎൽഎ 

അതേ സമയം, വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിന് മാത്രമേ ഉപയോ​ഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നത് പരിശോധിക്കേണ്ടതാണ്. ഹോസ്റ്റലിൽ മുറിയുണ്ടെങ്കിൽ ശാസ്തമം​ഗലത്ത് ഇങ്ങനെയൊരു ഓഫീസിന്റെ ആവശ്യമില്ല. നമ്മുടെ ഓഫീസ് നമ്മൾ തന്നെ ഉപയോഗിച്ചാൽ വിവാദം ഉണ്ടാകില്ല. കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.