കാസർകോട് പുത്തിഗെ പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇംഗ്ലീഷിൽ പ്രസംഗിക്കാനുള്ള കാരണം വ്യക്തമാക്കി ഫിദ. ഭാഷയേക്കാൾ പ്രധാനം ഉന്നയിക്കുന്ന വിഷയമാണെന്നും ഫിദ ഉജംപദവ് പ്രതികരിച്ചു

കാസർകോട്: പഞ്ചായത്ത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇംഗ്ലീഷിൽ പ്രസംഗിച്ച് കാസർകോട് പുത്തിഗെ പഞ്ചായത്ത് പ്രസിഡൻ്റ് ഫിദ ഉജംപദവ്. ഭാഷയേതെന്നല്ല, ഉന്നയിക്കുന്ന വിഷയമാണ് പ്രധാനമെന്നും പറയുന്നത് മണ്ടത്തരമാകരുതെന്നും അവർ പ്രതികരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇംഗ്ലീഷിൽ പ്രസംഗിച്ച വീഡിയോ വൈറലായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. കാസർകോട് ഗവൺമെൻ്റ് കോളേജിൽ നിന്ന് എംഎ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഫിദയെ പുത്തിഗെ പഞ്ചായത്തിലെ ഉജംപദവ് വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. പിന്നാലെ സിപിഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ജയിച്ചു. പഞ്ചായത്തിൽ ഭൂരിപക്ഷം നേടിയതോടെ പ്രസിഡൻ്റായി ഫിദയെ കോൺഗ്രസ് നേതൃത്വം നിശ്ചയിക്കുകയായിരുന്നു.

ഏറെ പിന്നോക്കം നിൽക്കുന്ന തൻ്റെ പഞ്ചായത്തിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. 'എനിക്ക് സംസാരിക്കാൻ ഇംഗ്ലീഷാണ് കൂടുതൽ സൗകര്യപ്രദം എന്നതിനാലാണ് ഇംഗ്ലീഷിൽ സംസാരിച്ചത്. മലയാളത്തിൽ സംസാരിക്കുമ്പോൾ പ്രാദേശിക ശൈലി കയറിവരുന്നത് ഒഴിവാക്കാമെന്ന് കൂടി കരുതിയതിനാലാണ് ഇത്. ഏത് ഭാഷയിൽ സംസാരിക്കുന്നു എന്നതല്ല, മറിച്ച് പറയുന്ന കാര്യങ്ങൾ മണ്ടത്തരമാകാതെ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഏത് ഭാഷയിൽ സംസാരിച്ചാലും കേൾക്കുന്നവർക്ക് പറയുന്ന കാര്യങ്ങൾ വ്യക്തമായി മനസിലായാൽ മതി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇംഗ്ലീഷിൽ പറയാൻ അറിയില്ലെങ്കിൽ അറിയുന്ന ഭാഷയിൽ സംസാരിക്കുന്നതാണ് ഉചിതം. വിവർത്തനം ചെയ്യാൻ ഇന്നത്തെ കാലത്ത് സൗകര്യങ്ങൾ ഏറെയുണ്ട്' എന്നും ഫിദ പറഞ്ഞു. രാജ്യസഭാംഗം എഎ റഹീമുമായി ബന്ധപ്പെട്ട ഭാഷാ വിവാദത്തോടായിരുന്നു ഈ പ്രതികരണം.

അതേസമയം താൻ ഇംഗ്ലീഷിൽ മാത്രമായിരിക്കില്ല സംസാരിക്കുകയെന്നും ഫിദ വ്യക്തമാക്കി. പഞ്ചായത്തിലെ അംഗങ്ങൾക്ക് മനിസിലാകുന്ന ഭാഷയിൽ സംസാരിക്കാനാണ് താത്പര്യം. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം ഭരണതലത്തിൽ ലഭിക്കേണ്ടതുണ്ട്. രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നല്ല വരുന്നത്. എന്നാൽ പുത്തിഗെയിൽ കാലാകാലങ്ങളായി മത്സരിച്ചുവരുന്നവർ യുവാക്കളുടെ പുതിയ ആശയങ്ങളോട് മുഖംതിരിച്ചാണ് നിന്നിരുന്നത്. അതിനൊരു മാറ്റം വരുത്താനാണ് ആഗ്രഹിക്കുന്നതെന്നും ഫിദ വ്യക്തമാക്കി.