പുറത്താക്കിയ ആളെ ആറുദിവസംകൊണ്ട് തിരിച്ചെടുത്തു; കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എം ഷാജി

By Web TeamFirst Published Nov 8, 2018, 5:22 PM IST
Highlights

വി.രാമകൃഷ്ണന്‍ എന്ന യുഡി ക്ലര്‍ക്കിനെ ജലീല്‍ സംരക്ഷിച്ചു. പുറത്താക്കി ആറുദിവസംകൊണ്ട് ഇയാളെ സര്‍വീസില്‍ തിരിച്ചെടുത്തതായും കെ.എം ഷാജി ആരോപിക്കുന്നു

കോഴിക്കോട്: ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ ആരോപണവുമായി എംഎല്‍എ കെ.എം ഷാജി. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച ഉദ്യോഗസ്ഥനെ ജലീല്‍ സംരക്ഷിച്ചെന്നാണ് കെ.എം ഷാജി എംഎല്‍എ ആരോപിക്കുന്നത്. വി.രാമകൃഷ്ണന്‍ എന്ന യുഡി ക്ലര്‍ക്കിനെ ജലീല്‍ സംരക്ഷിച്ചു. പുറത്താക്കി ആറുദിവസംകൊണ്ട് ഇയാളെ സര്‍വീസില്‍ തിരിച്ചെടുത്തതായും കെ.എം ഷാജി ആരോപിക്കുന്നു.

പട്ടഞ്ചേരി പഞ്ചായത്തിലേക്ക് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ നല്‍കിയ രാമകൃഷ്ണനെ അവിടെ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ ആറുദിവസത്തിനുള്ളില്‍ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്ത് പട്ടഞ്ചേരി പഞ്ചായത്തില്‍ നിയമിച്ചെന്നാണ് ആരോപണം. വി.രാമകൃഷ്ണനെതിരെ 146 കേസുകൾ ഉണ്ടായിരുന്നുവെന്നും ഷാജി പറഞ്ഞു. 

അതേസമയം മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തിൽ പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് യൂത്ത് ലീഗ്. സംസ്ഥാന മൈനോറിറ്റി ഡെവലപ്പ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ നിന്ന് തെരഞ്ഞെടുത്ത ഏഴിൽ അഞ്ച് പേർക്കും മതിയായ യോഗ്യതയുണ്ടെന്നായിരുന്നു യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. യോഗ്യത ഇല്ലാത്ത രണ്ട് പേരിൽ ഒരാളാണ് മന്ത്രിയുടെ ബന്ധുവും നിലവിലെ ജനറൽ മാനേജരും ആയ കെ.ടി അദീബ് എന്നാണ് ഫിറോസിന്‍റെ ആരോപണം.

click me!