
കോഴിക്കോട്: ശബരിമലയിലേക്ക് പോകാൻ ശ്രമിച്ച യുവതികൾക്ക് പൊലീസ് യൂണിഫോം നൽകിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷൻ കെ. മുരളീധരൻ. ഐജി പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്തെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു.
സന്നിധാനത്തേക്ക് പോകാനെത്തിയ എറണാകുളം സ്വദേശി രഹ്ന ഫാത്തിമ, റിപ്പോർട്ടിംഗിന് എത്തിയ ആന്ധ്ര സ്വദേശിനി കവിത എന്നിവര്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയത് വിവാദമായിരുന്നു. യുവതികള്‍ക്ക് യൂണിഫോം നൽകിയതിന് ഐജിക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഹെല്‍മറ്റും സുരക്ഷാകവചവും നല്‍കിയത് ചട്ടലംഘനമല്ലെന്നും ഐജി ശ്രീജിത്ത് പ്രതികരിച്ചിരുന്നു.
യുവതികള്‍ നേരത്തേ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷാ കവചം നല്‍കിയത്. രണ്ടുപേരെയും സുരക്ഷിതമായി വീടുവരെ എത്തിക്കുകയെന്നത് പൊലീസിന്‍റെ ഉത്തരവാദിത്തമാണ്. അത് പൊലീസ് ചെയ്യും. സന്നിധാനത്തേക്ക് പോകണം എന്ന് ആവശ്യപ്പെടുന്ന സ്ത്രീകളെ കൊണ്ടുപോകുക എന്നത് പൊലീസിന്‍റെ നിയമപരമായ ഉത്തരവാദിത്തമാണ്,അത് നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലകയറാനെത്തിയ യുവതികളുടെ സുരക്ഷയ്ക്ക് നേതൃത്വം നല്‍കിയ ഐജി ശ്രീജിത്തിനെ ബിജെപി നേതാവ് കെ.സുരേന്ദ്രനും കടന്നാക്രമിച്ചിരുന്നു. ഐജി കേരള പൊലീസ് ആക്ട് ലംഘിച്ചെന്നും ഗുരുതരമായ പിഴവാണ് ശ്രീജിത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നുമായിരുന്നു സുരേന്ദ്രന്‍റെ ആരോപണം. 'പൊലീസിന്റെ വേഷവും ഉപകരണവും യുവതികള്‍ക്ക് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണ്?ആചാരലംഘനം നടത്താന്‍ പൊലീസ് കൂട്ട് നിന്ന ശേഷം കടകംപള്ളി സുരേന്ദ്രന്‍ ഇരട്ടത്താപ്പ് കാണിച്ചു'. മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയാണ് സര്‍ക്കാരെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam