
ആലത്തൂർ: ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയായ ആലത്തൂര്‍ മണ്ഡലം നിലനിർത്താൻ പരിചിത മുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സി പി എമ്മിന്‍റെ തീരുമാനം. രണ്ട് വട്ടം മത്സരിച്ച് ജയിച്ച പി കെ ബിജു മത്സരിക്കുന്നില്ലെങ്കില്‍ കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണനെ മത്സരിപ്പിക്കാനാണ് സാധ്യത കൂടുതൽ.
സി പി എമ്മിനെ സംബന്ധിച്ച് സ്ഥാനാർത്ഥികൾ ആരെന്നുള്ളതല്ല തെരെഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് പ്രാധാന്യമെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.
സി പി എമ്മിന് വ്യക്തമായ സ്വാധീനമുളള മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. 2009ല്‍ ഒറ്റപ്പാലം മാറി ആലത്തൂരായ ശേഷം പി കെ ബിജുവാണ് ആലത്തൂർ എം പി. 2009 നേക്കാള്‍ 2014 ല്‍ ബിജു 17000ത്തിലധികം വോട്ടുകൾ കൂടുതൽ നേടുകയും ചെയ്തിരുന്നു.
എന്നാല്‍, രണ്ട് തവണ തുടര്‍ച്ചയായി എം പിയായവരെ മത്സരിപ്പിക്കേണ്ടെന്നാണ് സി പി എമ്മിന്‍റെ തീരുമാനം. ബിജുവിനെ കാണാൻ പോലും കിട്ടുന്നില്ലെന്ന പരാതി നേരത്തെ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ഇടപെടുകയും മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാൻ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ചേലക്കര സ്വദേശി കൂടിയായ മുൻ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍റെ പേര് പാർട്ടി പരിഗണിക്കുന്നത്. രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങളും മികച്ച പ്രതിച്ഛായയും ലാളിത്യവുമാണ് കെ രാധാകൃഷ്ണന് മുൻതൂക്കം നല്‍കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിന്നെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാല്‍ ഇത്തവണ രാധാകൃഷ്ണൻ രംഗത്തിറങ്ങും.
കെ ആര്‍ നാരായണന് ശേഷം കൈവിട്ട മണ്ഡലം പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിച്ചുപിടിക്കാൻ രാഷ്ട്രീയത്തിനപ്പുറമുളള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തേടുന്നത്. ഐ എം വിജയൻ ഉള്‍പ്പെടയുള്ള പ്രമുഖരെ മത്സരിപ്പിക്കാനാണ് നീക്കം. ഫുട്ബോള്‍ താരം ഐ എം വിജയനുമായി തൃശൂരിലെ കോണ്‍ഗ്രസ് നേതൃത്വം പല വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു.
എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണ് വിജയൻ. അങ്ങനെയെങ്കില്‍ ഏതെങ്കിലും സിനിമാതാരത്തെ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam