
തൃശൂർ: കരുണാകരൻ അനുസ്മരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന നേതാവ് കെ ശങ്കരനാരായണൻ. പ്രതിപക്ഷത്തിൻറെ പ്രവർത്തനങ്ങളെയും ജംബോ കമ്മിറ്റിയെയും പരിഹസിച്ചായിരുന്നു ആരുടെയും പേര് എടുത്തു പറയാതെ പദവി പറഞ്ഞുള്ള ശങ്കരനാരായൺന്‍റെ വിമർശനം. ഭരണകക്ഷിയെ എതിർക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ചുമതല. എന്നാൽ ഭരിക്കാൻ വരേണ്ടിവരുമെന്ന ചിന്തയിൽ കൂടി വേണം വിമർശനം നടത്താനെന്ന സൂചനകളോടെയായിരുന്നു തുടക്കം. അതില്ലാതെ പോയതാണ് ഇപ്പോഴത്തെ സർക്കാരിന്‍റെ കുഴപ്പം. വിമർശനങ്ങൾ കൺസ്ട്രക്ടീവും പോസിറ്റീവും ആയിരിക്കണം.
വനിതാമതിലിന്‍റെ ജീവൻ പത്ത് മിനിറ്റ് മാത്രമാണ്. അത് തന്നെ പൊളിഞ്ഞുപോകും. അതിനിത്ര സമയം ചെലവാക്കേണ്ട കാര്യമില്ല. അതുകൊണ്ട് മതിലിന്‍റെ ശക്തി കൂടുകയുമില്ല, കുറയുകയുമില്ല. എനിക്ക് മീതെ ആരുമില്ലെന്ന് കരുതി പ്രവർത്തിക്കരുത്. അതിനുള്ള ഉയരമുണ്ടോ എന്ന് തിരിച്ചറിയണമെന്ന് പരിഹാസരൂപേണ ചെന്നിത്തലയെ ആഞ്ഞുകുത്തി. കുറേക്കൂടി കൂട്ടായി പ്രവർത്തിക്കാനുള്ള കഴിവ് വേണം. ഒറ്റയ്ക്ക് പ്രവർത്തിച്ച് മുഖ്യമന്ത്രിയാകാമെന്ന് കരുതുന്നുണ്ടെങ്കിൽ ആ തൊപ്പി ഊരി വെയ്ക്കണം. കരുണാകരന്‍റെ ശിഷ്യനാണെന്നാണ് പറയാറുള്ളത്. ശിഷ്യരായതുകൊണ്ട് ഗുരുവിന്‍റെ ഗുണം കിട്ടില്ല. ഒരു ശതമാനം പോലും ഉള്ളതായി തോന്നുന്നുമില്ല.
ഇരിക്കുന്ന കസേര എതാണെന്ന് അറിയണം. കസേരയ്ക്ക് അറിയില്ല ആരാണ് ഇരിക്കുന്നതെന്ന്. അതറിയുന്ന നേതാവായിരുന്നു കരുണാകരനെന്ന് ഓർമ്മപ്പെടുത്തി ശങ്കരനാരായണൻ പറഞ്ഞു. കെ.പി.സി.സി സെക്രട്ടറിമാർ എത്ര പേരുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റിന് പോലും അറിയാത്ത അവസ്ഥയാണ്. ഡി സി സി ഭാരവാഹികൾ എത്രയുണ്ടെന്ന് ചോദിച്ചാൽ ഡി സി സി പ്രസിഡന്‍റിനും അറിയില്ല.
സെക്രട്ടറിമാർ കൂടിയത് കൊണ്ട് ജയിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് കിട്ടിയ അംഗീകാരം ഇന്നുള്ളവർക്ക് കിട്ടില്ല. 1968 ൽ താൻ അവിഭക്ത കെ പി സി സി ജനറൽ സെക്രട്ടറിയായിരിക്കെ രണ്ട് ജനറൽ സെക്രട്ടറിമാർ മാത്രമേയുള്ളൂ. താൻ ഡിസിസി പ്രസിഡന്‍റ് ആയിരിക്കെ രണ്ട് ജനറൽ സെക്രട്ടറിമാരേ ഉണ്ടായിരുന്നുള്ളൂ. എ.കെ ആന്‍റണിയും കെ. കരുണാകരനും ഗ്രൂപ്പ് രാഷ്ട്രീയം നയിച്ചപ്പോൾ കോൺഗ്രസ് പാർട്ടി വളരുകയായിരുന്നു. ഇന്ന് ഗ്രൂപ്പ് പ്രവർത്തനം ഐസ് വെയിലത്ത് വെച്ചതുപോലെയാണെന്നും ശങ്കരനാരായണൻ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam