
കോഴിക്കോട്: തിരുവനന്തപുരത്ത് എൽഡിഎഫിനെ സഹായിക്കാനാണ് കെ.മുരളീധരൻ ശ്രമിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ് ഇപ്പോൾ കാണിക്കുന്ന ഉത്സാഹമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പലയിടത്തും എൽഡിഎഫ്- യുഡിഎഫ് സഖ്യങ്ങളുണ്ട്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും രഹസ്യ സഖ്യത്തിലാണ്. പാലക്കാടും പന്തളവും നില നിർത്തി കൂടുതൽ നഗരസഭകൾ എൻഡിഎ പിടിച്ചെടുക്കും. തിരുവനന്തപുരത്ത് ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് അന്തിമരൂപമായി കഴിഞ്ഞുവെന്നും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ആറുമാസമായി ബിജെപി നല്ല മുന്നൊരുക്കങ്ങളാണ് നടത്തിയത്. കേരളത്തിലെ എല്ലാ വാർഡുകളിലും ഇലക്ഷൻ മാനേജ്മെൻ്റ് കമ്മിറ്റികളുണ്ടാക്കിയിട്ടുണ്ട്. കൃത്യമായ ഒരു സന്ദേശം മുന്നോട്ട് വെച്ചാണ് എൻഡിഎ മത്സരിക്കുന്നത്. കേരളം ഇന്ന് നേരിടുന്ന വികസന പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം മുന്നോട്ട് വെച്ചാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസന അജണ്ട ജനങ്ങളോട് ചർച്ച ചെയ്താണ് അവതരിപ്പിക്കുന്നത്. എൽഡിഎഫ് സർക്കാരിനെതിരായ ജനവികാരം ഉയർത്താൻ ശ്രമിക്കും. 10 വർഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ച വലിയതോതിലുള്ള കേന്ദ്ര സഹായങ്ങൾ ജനങ്ങൾക്ക് മുമ്പിൽ വെക്കും. കേന്ദ്ര പദ്ധതികളുടെ പ്രയോജനം പൂർണമായും ജനങ്ങൾക്ക് ലഭിക്കാത്തതിന് കാരണം എൽഡിഎഫ്- യുഡിഎഫ് മുന്നണികളാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam