
പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടർന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യക്തിവൈരാഗ്യം തീർക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ സർക്കാർ ഇന്ന് നിലപാടറിയിക്കും.
സന്നിധാനത്ത് നവംബർ ആറിന് 52 വയസുള്ള സ്ത്രീയെയും ബന്ധുവിനെയും അക്രമിച്ച സംഭവത്തിലാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നതെന്ന് ഹർജിയിൽ പറയുന്നു. മറ്റൊരു കേസിൽ അറസ്റ്റിലായ തനിക്ക് 15 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ഈ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് സുരേന്ദ്രന്‍റെ ആരോപണം. അതേസമയം നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ സുരേന്ദ്രന്‍റെ റിമാന്‍റ് കാലാവധി ഇന്നവസാനിക്കും. പക്ഷേ സന്നിധാനത്ത് അൻപത്തിരണ്ടുകാരിയെ ആക്രമിച്ച കേസിലുൾപ്പെടെ ജാമ്യം ലഭിച്ചാൽ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാകൂ.
അതേസമയം, ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. കെ സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Also Read: എ എൻ രാധാകൃഷ്ണന്‍റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam