
കൊല്ലം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനം നടത്തിയ കോടിയേരി ബാലകൃഷ്ണന് കെ. സുരേന്ദ്രന്‍റെ മറുപടി. കോടിയേരി പരാജയം മണക്കുന്നതിനാലാണ് എൻഎസ്എസ് രാഷ്ടീയ പാർട്ടി രൂപീകരിക്കണമെന്ന പ്രസ്ഥാവന നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. എൻഎസ്എസ് ഒരു സ്വതന്ത്ര സംഘടനയാണ്. അതിന്‍റെ കാര്യങ്ങളിൽ ഇടപെടാൻ കോടിയേരിക്ക് എന്ത് അവകാശമാണുള്ളതെന്നും എൻഎസ്എസിന് എന്ത് ചെയ്യാനാകുമെന്ന് സി പി എമ്മിന് തെരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സിപിഎമ്മിനെ വിരട്ടാൻ വരേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് സുകുമാരൻ നായർക്ക് എതിരെ രൂക്ഷ വിമർശനം നടത്തിയത്. എൻഎസ്എസ് പറഞ്ഞാൽ ആരൊക്കെ കേൾക്കുമെന്ന് താമസിയാതെ അറിയാമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായി രാഷ്ട്രീയപാർട്ടി രൂപികരിക്കാൻ കോടിയേരി ബാലകൃഷ്ണൻ വെല്ലുവിളിച്ചു
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയക്കാര്‍ സമുദായ സംഘടനാ നേതാക്കളെ തേടി വരുമെന്ന ജി സുകുമാരൻ നായരുടെ പരാമര്‍ശത്തിന് സമുദായ നേതാക്കളെന്നല്ല , മറിച്ച് വോട്ടര്‍മാരെന്ന നിലയിൽ മാത്രം അത്തരം സന്ദര്‍ശനങ്ങളെ കണ്ടാൽ മതിയെന്നാണ് കോടിയേരിയുടെ മറുപടി.
ഇന്നലെയും സിപിഎം എൻഎസ്എസ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ചങ്ങനാശ്ശേരിയിൽ നടന്ന പാർട്ടി പരിപാടിയിൽ സുപ്രീംകോടതിവിധിയുടെ പേരിൽ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തിയത് ശരിയോ എന്ന് നാല് വട്ടം ചിന്തിക്കണമെന്ന് മുഖ്യമന്ത്രി എൻഎസ്എസിനെ ഓര്‍മ്മിപ്പിച്ചു. വനിതാ മതിൽ ശൂ ആകുമെന്ന് ചിലര്‍ പറഞ്ഞു. എന്നിട്ടെന്തായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചങ്ങനാശ്ശേരിയിൽ ചോദിച്ചിരുന്നു
എൻഎസ്എസ് പറഞ്ഞാൽ ആരും കേൾക്കില്ലെന്ന സിപിഎമ്മുകാരുടെ അഭിപ്രയം തെറ്റെന്ന് തെളിയിക്കാമെന്ന് എൻഎസ്എസ് സംഗമത്തിൽ സുകുമാരൻ നായരും തിരിച്ചടിച്ചു. അതിന് അധികം താമസമില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. കേരളം പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ശബരിമലയിൽ ഇരുപക്ഷവും വീട്ടുവീഴ്ചയില്ലാതെ ഇപ്പോൾ പോരിന് ഇറങ്ങിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam