ഗൂഢാലോചനക്കുറ്റം: കെ.സുരേന്ദ്രൻ ജയിലിൽ തുടരും; വീണ്ടും റിമാൻഡ് ചെയ്തു

By Web TeamFirst Published Nov 23, 2018, 11:38 AM IST
Highlights

ഡിസംബർ ആറ് വരെയാണ് റിമാന്‍റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. അതേസമയം, കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തി മൂന്ന് കേസുകളാണ് സുരേന്ദ്രനെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

പത്തനംതിട്ട: ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ഡിസംബർ ആറ് വരെയാണ് റിമാന്‍റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

അതേസമയം, കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അര മണിക്കൂർ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം തള്ളിയാണ് സുരേന്ദ്രനെ റിമാന്‍റ് ചെയ്തത്. കേസില്‍ സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു.  തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയെന്ന് സുരേന്ദ്രൻ ആരോപിച്ചു. തൃശൂര്‍ സ്വദേശിയായ 52 കാരിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 

Also Read: 'സിപിഎം നേതാക്കളെപ്പോലെ നെഞ്ചുവേദന അഭിനയിക്കില്ല'; മുഖ്യമന്ത്രിയുടെ ഓഫീസ് വേട്ടയാടുന്നുവെന്ന് കെ. സുരേന്ദ്രന്‍

കേസിൽ നേരത്തേ അറസ്റ്റിലായ ഇലന്തൂർ സ്വദേശി സൂരജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘർഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തത്. കെ.സുരേന്ദ്രന് പുറമേ ആർഎസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആർ.രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ജാമ്യം കിട്ടിയാലും കണ്ണൂർ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റില്‍ ജാമ്യം ലഭിക്കാതെ കെ.സുരേന്ദ്രന് ജയിൽ മോചിതനാകാൻ കഴിയില്ല.

click me!