ആധാറില്‍ എന്താണ് ഇത്ര രഹസ്യമെന്ന് കെ.സുരേന്ദ്രന്‍

By Web DeskFirst Published Jan 8, 2018, 5:05 PM IST
Highlights

കോഴിക്കോട്: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ആധാറില്‍ എന്താണിത്ര രഹസ്യമെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ആധാര്‍ രഹസ്യങ്ങള്‍ ചോരുന്നു എന്നുള്ളത് ഒരു കള്ളക്കഥയാണെന്നും അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശത്തോടുകൂടിയുള്ളതാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ ആരോപിച്ചു.

സുരേന്ദ്രന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആധാർ രഹസ്യങ്ങൾ ചോരുന്നു എന്നു പറഞ്ഞ് വലിയ ചർച്ചകൾ നമ്മുടെ നാട്ടിൽ നടക്കുകയാണ്. ഒന്നാമത്തെ കാര്യം ആധാർ രഹസ്യങ്ങൾ ചോരുന്നു എന്നുള്ളത് ഒരു കള്ളക്കഥയാണ്. അത്തരം പ്രചാരണങ്ങൾ ദുരുദ്ദേശത്തോടുകൂടിയാണ്. എനിക്കു മനസ്സിലാവാത്തത് ആധാറിൽ എന്താണ് ഇത്ര വലിയ രഹസ്യങ്ങൾ ഉള്ളത് എന്നാണ്. ഞാനും ആധാർ കാർഡ് എടുത്തിട്ടുണ്ട്. അഛൻറെ പേരും അമ്മയുടെ പേരും ഭാര്യയുടെ പേരും ഇത്ര വലിയ രഹസ്യമാണോ? ജനനത്തീയതിയും പാൻ കാർഡു നമ്പറും ഡ്രൈവിംഗ് ലൈസൻസ് നമ്പറും വിദ്യാഭ്യാസ യോഗ്യതയും രഹസ്യരേഖകളാണോ? ടെലിഫോൺ നമ്പറും സ്ഥാവര ജംഗമ സ്വത്തുക്കളും ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതിനും സർക്കാർ അവധി നീട്ടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇനി അതും കൂടി വന്നാലും അതിലെന്താണ് ഇത്ര സ്വകാര്യത? ഇനി പാൻ കാർഡ് നമ്പർ കിട്ടിയാൽ തന്നെ ആദായനികുതി വകുപ്പ് വിചാരിക്കാതെ വിവരങ്ങൾ കിട്ടുമോ? ബാങ്ക് അക്കൗണ്ട് നമ്പർ കിട്ടിയാലും ബാങ്കുകൾ വിചാരിക്കാതെ ബാലൻസ് ഷീററ് കിട്ടുമോ?

തട്ടിപ്പു നടത്തുന്നവർ ആധാറില്ലാതെതന്നെ എന്തെല്ലാം തട്ടിപ്പുകൾ ഈ രാജ്യത്തുനടത്തുണ്ട്? തെൽഗിയെ ഓർമ്മയുണ്ടോ നിങ്ങൾക്ക്? ഹർഷദ് മേത്തയെ നിങ്ങൾ മറന്നുപോയോ?ഒരാളുടെ തംപ് ഇംപ്രഷനും കണ്ണിലെ കൃഷ്ണമണിയും ആർക്കും ഡ്യൂപ്ളിക്കേററ് ഉണ്ടാക്കാൻ കഴിയില്ല. ബാങ്കുകളിലും മൊബൈൽ കമ്പനികളിലും തട്ടിപ്പു നടന്നത് അവരുടെ ജാഗ്രതക്കുറവാണ്. അതിന് ആധാർ ഉത്തരവാദിയല്ല. തെരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്ന സ്ഥാനാർത്ഥികളെല്ലാവരും ഈ വിവരങ്ങളെല്ലാം സത്യവാംഗ് മൂലമായി നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്സൈററിൽ ഇതെല്ലാം ലഭ്യമാണുതാനും.

പ്രശ്നം സ്വകാര്യതയുടേതല്ല എതിർപ്പ് ആധാറിനോടാണ്. ആധാർ വന്നതോടെ പല കള്ളത്തരവും നടക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ സബ്സിഡി വെട്ടിപ്പു നടക്കുന്നില്ല. അതിൻറെ ഏനക്കേടാണ് ചിലയാളുകൾക്ക്. ശരിക്കും പറഞ്ഞാൽ വോട്ടർ ഐ. ഡി കാർഡുകൂടി ആധാറുമായി ലിങ്ക് ചെയ്യണം. അങ്ങനെ ചെയ്താൽ കേരളത്തിലെ പല എം. എൽ. എ മാരു എം. പി മാരും കാശിക്കുപോകേണ്ടി വരും

click me!