ബന്ധുനിയമനം: ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറെന്ന് മന്ത്രി കെ.ടി ജലീല്‍

By Web TeamFirst Published Nov 4, 2018, 5:46 PM IST
Highlights

വിജിലന്‍സ് ക്ലിയറന്‍സ് വേണ്ടത് സ്ഥാപന മേധാവിക്ക് മാത്രമെന്നും മന്ത്രി പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു മന്ത്രി. 
 

 

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് വന്ന  ഏഴ് അപേക്ഷകരുടെയും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറെന്ന് മന്ത്രി കെ ടി ജലീല്‍. വിജിലന്‍സ് ക്ലിയറന്‍സ് വേണ്ടത് സ്ഥാപന മേധാവിക്ക് മാത്രമെന്നും അദ്ദേഹം പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു മന്ത്രി. അപേക്ഷകരില്‍ യോഗ്യതയുളള ഏക ആളെന്ന നിലയിലാണ് കെ.ടി അദീപിന് നിയമനം നല്‍കിയതെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്നും ജലീല്‍ പറഞ്ഞു.

മന്ത്രി കെ.ടി ജലീല്‍ ചട്ടംമറികടന്ന് ബന്ധുവിന് മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമനം നല്‍കിയെന്ന് യൂത്ത് ലീഗ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് യോഗ്യതയുള്ള ആളെ കിട്ടാത്തത് കൊണ്ടാണ് ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിച്ചതെന്നും ഇങ്ങനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ആരോപണത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കുകയും ചെയ്തു. 

അതേസമയം, മന്ത്രിയുടേത് കുറ്റസമ്മതമാണെന്നും അനധികൃതനിയമനം നേടിയ മന്ത്രിബന്ധുവിനെ പുറത്താക്കണമെന്നുമാണ് യൂത്ത് ലീഗിന്‍റെ ആവശ്യം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് വന്ന ഏഴ് അപേക്ഷകരുടെയും വിവരങ്ങളും യോഗ്യതയും പുറത്തു വിടാന്‍ മന്ത്രി തയ്യാറാവണമെന്ന് ഇന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്  പി.കെ ഫിറോസ് ആവശ്യപ്പെട്ടിരുന്നു. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ജലീലിന്‍റേത് വസ്തുനിഷ്ഠമായ മറുപടിയല്ലെന്ന് പി.കെ ഫിറോസിന്‍റെ ആരോപണം. 

അപേക്ഷകരായിരുന്ന ഏഴ് ഉദ്യോഗാര്‍ഥികള്‍ക്കും യോഗ്യതയുണ്ടായിരുന്നില്ലെന്നും  ഇതേ തുടര്‍ന്ന് കെ.ടി. അദീപിനെ നേരിട്ട് വിളിച്ച് ജിഎം തസ്തിക നല്‍കിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ ഇന്ന് വിശദീകരിച്ചത്.  മന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം നടത്താനാണ് തീരുമാനമെന്നും പി.കെ ഫിറോസ് പറഞ്ഞു.


 

click me!