
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ നടക്കുന്ന അന്വേഷണത്തില്‍ ഒരു തരത്തിലുള്ള അലംഭാവവും ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിയെ പിടികൂടുക എന്നത് സർക്കാരിനെ സംബന്ധിച്ച് പരമ പ്രധാനമാണ്. കഴിയും വേഗം അറസ്റ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സേനയ്ക്ക് കളങ്കമാണ് ഡിവൈഎസ്പി ഉണ്ടാക്കിയത്. ആരുമായും ഏത് കക്ഷിയുമായും ബന്ധമുണ്ടായാലും പ്രതിയ്ക്കെതിരെ കർശന നടപടിയുണ്ടാകും. സനല്‍കുമാറിന്‍റെ കുടുംബത്തിന് ധന സഹായം നല്‍കുന്നതടക്കമുള്ള ഉചിതമായ തീരുമാനം അടുത്ത ക്യാമ്പിനിറ്റൽ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സനല്‍ കുമാര്‍ കൊലക്കേസില്‍ നീതികിട്ടും വരെ തെരുവിൽ സമരം നടത്തുമെന്ന് സനലിന്‍റെ കുടുംബം പറഞ്ഞു.സനൽകുമാർ മരിച്ച് അഞ്ച് ദിവസം കഴിയുമ്പോഴും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ സഹോദരി പ്രതികരിച്ചു. ഹരികുമാറിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇന്ന് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സനൽകുമാറിന്‍റെ ബന്ധുക്കളടക്കം പങ്കെടുത്ത മാർച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു.
പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്‍റെ ഭാര്യക്ക് ജോലിയും നല്‍കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സനലിന്‍റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam