
തിരുവനന്തപുരം: ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ വന്‍ ഗൂഢാലോചനയുടെ ഫലമാണെന്ന് ദേവസ്വം മന്ത്രി കടംകപ്പള്ളി സുരേന്ദ്രന്‍. രക്തം ഒഴുക്കി ആക്രമണമാണ് ഉദ്ദേശിച്ചത്. ഇത് ഭക്തരോടുള്ള വഞ്ചനയാണ്. രാഹുല്‍ ഈശ്വറുടെ വെളിപ്പെടുത്തലോടെ ഇത് പുറത്തുന്നവന്നു. സന്നിധാനത്തും നിലയ്ക്കലും പമ്പയിലും നടന്നത് രാജ്യദ്രോഹകുറ്റമാണെന്നും മന്ത്രി അറിയിച്ചു. യുദ്ധത്തിന് വേണ്ടിയുള്ള തന്ത്രങ്ങളാണ് ഒരുക്കിയത് എന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇതേ സമയം പോലീസിന്‍റെ സംയമനമാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത് എന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ നടന്ന ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവരാന്‍ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം നിലയ്ക്കലും പമ്പയിലും നടന്ന ആക്രമണങ്ങളില്‍ സംസ്ഥാന വ്യാപകമായി തന്നെ പോലീസ് നടപടികള്‍ നടക്കുകയാണ്.
പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 15 പേർ കൂടി അറസ്റ്റിൽ. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാർ, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവർ. കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് വിശദമാക്കുന്നു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങള്‍ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു.