യുവതീ പ്രവേശനം: ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനം നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

By Web TeamFirst Published Dec 23, 2018, 9:29 AM IST
Highlights

ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തുകയും പ്രതിഷേധം കടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തുകയും പ്രതിഷേധം കടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമലയിലെ പ്രത്യേകം സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി രണ്ട് മുതിര്‍ന്ന ജഡ്ജിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും അടങ്ങുന്ന മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അവരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ ചെയ്യുന്നത്. നിരീക്ഷകസമതി ഇക്കാര്യം പരിശോധിച്ച് നിലപാട് അറിയിച്ചാല്‍ സര്‍ക്കാര്‍ അക്കാര്യം നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

അതേസമയം തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയുടെ നേതാവ് ശെല്‍വിയടക്കമുള്ള 11 അംഗ സംഘം ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. മൂന്ന് മണിക്കൂറിലേറെയായി ഒരു വശത്ത് പ്രതിഷേഘക്കാരും മറുവശത്ത് യുവതീസംഘവും കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം തുടരുകയാണ്. 

പൊലീസ് ശെല്‍വിയടക്കമുള്ള യുവതികളുമായി അനുനയ ചര്‍ച്ച നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മനിതി സംഘം. അതേസമയം പ്രതിഷേധക്കാരുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ട്. വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനോടൊപ്പം പ്രതിഷേധവും ശക്തമാകുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള സംഘം മനിതി സംഘവുമായി ചര്‍ച്ച നടത്താനാണ് ശ്രമിക്കുന്നത്. അതേസമയം മനിതി സംഘത്തിലെ കൂടുതല്‍ ആളുകള്‍ ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് മനിതി സംഘം നേതാവ് സെല്‍വി വ്യക്തമാക്കിയിട്ടുണ്ട്.

click me!