കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന രണ്ടു പേർ അറസ്റ്റില്‍

By Web TeamFirst Published Jan 18, 2019, 10:46 PM IST
Highlights

കവർച്ച ആസൂത്രണം ചെയ്ത ഫിറോസിനെ കഴിഞ്ഞ ദിവസം ആന്ധ്രപൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇയാളിൽ നിന്ന് മോഷണ വസ്തുക്കൾ ഒന്നും കണ്ടെടുത്തിയിരുന്നില്ല

കോയമ്പത്തൂര്‍: കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന രണ്ടുപേരെ ആന്ധ്ര പൊലീസ് പിടികൂടി. മോഷ്ടിക്കപ്പെട്ടവയിൽ രണ്ടുകിലോയോളം സ്വർണാഭരണങ്ങൾ ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇവരെ ഉടൻ തമിഴ്നാട് പൊലീസിന് കൈമാറും. ഒരു കോടിയോളം രൂപ വിലമതിക്കുന്ന കവർച്ചയുടെ ആസൂത്രകന്റെ  അമ്മയും സഹോദരനുമാണ് തിരുപ്പതി റെയിൽവെ സ്റ്റേഷനിൽ വച്ച് പിടിയിലായത്. 

കവർച്ച ആസൂത്രണം ചെയ്ത ഫിറോസിനെ കഴിഞ്ഞ ദിവസം ആന്ധ്രപൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇയാളിൽ നിന്ന് മോഷണ വസ്തുക്കൾ ഒന്നും കണ്ടെടുത്തിയിരുന്നില്ല. ഫിറോസിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സഹോദരൻ അഹമ്മദ് സലീം, അമ്മ ഷമ എന്നിവരെ പിടികൂടിയത്. തമിഴ്നാട് തിരുവളളൂർ സ്വദേശികളാണ് ഇവർ. അറുപത് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ ഇവരുടെ കൈവശമുണ്ടായിരുന്നു. 

ഫിറോസിന്‍റെ നിർദ്ദേശ പ്രകാരം മോഷണ മുതലുമായി ചുറ്റിക്കറങ്ങുകയായിരുന്നു ഇരുവരും.  പന്ത്രണ്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് കസ്റ്റഡിയിലുളള ഫിറോസ് ആന്ധ്ര പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിലുളള രണ്ടുപേർ കോടതിൽ കീഴടങ്ങി എന്നാണ് തമിഴ്നാട് പൊലീസിന് കിട്ടിയ വിവരം. 

തിരുപ്പതി ഡിഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കസ്റ്റഡിയിലുളളവരെ ഉടൻ വിട്ടുകിട്ടുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. ഈമാസം ഏഴാം തീയതിയായിരുന്നു കോയമ്പത്തൂരിനടുത്ത് ചാവടിയിൽ വാഹനം തടഞ്ഞുനിർത്തി കവർച്ച നടത്തിയത്.

click me!