'ഞങ്ങളോട് മനുഷ്യത്വം കാണിക്കൂ'; പിണറായിക്ക് കമല്‍ ഹാസന്റെ കത്ത്...

By Web TeamFirst Published Nov 27, 2018, 8:59 PM IST
Highlights

ഗജ വിതച്ച നാശനഷ്ടങ്ങള്‍ നികത്താന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും അതിനാല്‍ തന്നെ തമിഴ്‌നാടിനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കേരളം സഹായിക്കണമെന്നും കമല്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേരാനും കേരളത്തെ കമല്‍ ക്ഷണിച്ചു

ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ ദുരിതത്തിലായ തമിഴ്‌നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സഹായമഭ്യര്‍ത്ഥിച്ച് കേരള മുഖ്യമന്ത്രിക്ക് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ ഹാസന്റെ കത്ത്. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നും തമിഴ്‌നാടിന് പിന്തുണ പ്രഖ്യാപിക്കണമെന്നും കമല്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. 

'തമിഴ്‌നാട്ടില്‍ ജനജീവിതം സ്തംഭിക്കും വിധത്തില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കാര്‍ഷികവിളകളും മത്സ്യബന്ധന ബോട്ടുകളും തകര്‍ന്നത് സാധാരണക്കാരായ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അതിജീവനത്തെ ബാധിച്ചിരിക്കുന്നു. അതിനാല്‍ തന്നെ രാഷ്ട്രീയത്തിനതീതമായി, മനുഷ്യത്വത്തിലൂന്നി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ പ്രവര്‍ത്തിക്കുന്നതാണ് മനുഷ്യരായിരിക്കുന്നതിലെ മൂല്യവും'- കമല്‍ കുറിച്ചു. 

ഗജ വിതച്ച നാശനഷ്ടങ്ങള്‍ നികത്താന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും അതിനാല്‍ തന്നെ തമിഴ്‌നാടിനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കേരളം സഹായിക്കണമെന്നും കമല്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കുചേരാനും കേരളത്തെ കമല്‍ ക്ഷണിച്ചു. 

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, പുതുക്കോട്ടൈ തുടങ്ങിയ ഇടങ്ങളാണ് ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഏറെ ദുരിതം നേരിടേണ്ടിവന്നത്. 63 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലക്ഷത്തിന് മുകളില്‍ പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായും നിരവധി പേര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സാഹചര്യം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 

ആഗസ്റ്റില്‍ കേരളം നേരിട്ട വന്‍ പ്രളയത്തെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ സഹായമാണ് കേരളത്തിനായി പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതായാണ് സൂചന. ഇതിന് പുറമെ സിനിമാ-കലാ-സാംസ്‌കാരിക മേഖലയില്‍ നിന്നും, മറ്റ് സംഘടനകളും യുവ-കൂട്ടായ്മകള്‍ വഴിയും നിരവധി സഹായമാണ് കേരളത്തിന് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചിരുന്നത്.

click me!