
ഇടുക്കി: കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ കമ്പംമെട്ട് ചെക്കുപോസ്റ്റില്‍ എക്‌സൈസിന്റെ വാഹന പരിശോധന പ്രതിസന്ധിയില്‍. വാണിജ്യനികുതി വകുപ്പ് ചെക്കുപോസ്റ്റ് അടച്ചു പൂട്ടിയത് മൂലം പരിശോധന പേരിന് മാത്രമായി. ക്രിസ്മസ്സ് - പുതുവത്സര സീസണ്‍ പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റും മയക്കുമരുന്നും അനധികൃതമായി കടത്തുന്ന പ്രധാന പാതകളില്‍ ഒന്നാണിത്.
ജിഎസ്ടി നിലവില്‍ വന്നതോടെ മൂന്ന് മാസം മുമ്പ് വാണിജ്യ നികുതി വകുപ്പ് കമ്പംമെട്ടിലെ വാഹന പരിശോധന അവസാനിപ്പിച്ചു. ബാരിക്കേഡ് മുഴുവന്‍ സമയവും ഉയര്‍ത്തി വച്ചതിനെ തുടര്‍ന്ന് എക്‌സൈസിന്റെ പരിശോധന പേരിന് മാത്രമായി. തുടര്‍ന്ന് ബാരിക്കേഡിന്റെ നിയന്ത്രണം കളക്ടര്‍ ഇടപെട്ട് എക്‌സൈസിന് കൈമാറി. വാണിജ്യ നികുതി വകുപ്പിന്റെ കോമ്പൗണ്ടില്‍ ഇരുന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാരിക്കേഡ് നിയന്ത്രിച്ചിരുന്നതും പരിശോധന നടത്തിയിരുന്നതും.
കഴിഞ്ഞ ദിവസം വാണിജ്യ നികുതി വകുപ്പ് ഓഫീസ് നിര്‍ത്തി ഗേറ്റ് പൂട്ടി, വരാന്ത അടക്കുകയും ചെയ്തു. ഇതോടെ തമിഴ്‌നാട്ടില്‍ നിന്നും കട്ടപ്പനയ്ക്കും, നെടുങ്കണ്ടത്തേക്കും തിരിയുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടുകയാണ്. പല വാഹനങ്ങളും കൃത്യമായി പരിശോധിക്കാനാകുന്നില്ല. മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ കടത്തിണ്ണകളെ ആശ്രയിക്കേണ്ട ഗതികേടാണ് ഉദ്യോഗസ്ഥര്‍ക്ക്. പരിശോധന സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന വാണിജ്യ നികുതി വകുപ്പ് കെട്ടിടം എക്‌സൈസിന് അനുവദിച്ചാല്‍ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam