
കോട്ടയം: കെ എം മാണിയുമായുള്ള സിപിഎം സഖ്യത്തില്‍ നിലപാട് കടുപ്പിച്ച് കാനം രാജേന്ദ്രന്‍. അഴിമതി മുക്തസംസ്‌ക്കാരം കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് അടിവരയിടുന്നതാണോ കോട്ടയം സഖ്യമെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. സിപിഎം - സിപിഐ പോര് മുറുകുന്നത് മുന്നണിയില്‍ പുതിയ പ്രതിസന്ധി ഉണ്ടാക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അഴിമതി സംസ്‌ക്കാരം തുടച്ച് നീക്കാന്‍ കഴിഞ്ഞുവെന്നാണ് ഒരു വര്‍ഷത്തെ ഏല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നേട്ടമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത് പറഞ്ഞത്. ഇതിനെയാണ് മുന്നണിയിലെ രണ്ടാമത്തെ പ്രധാനകക്ഷിയായ സിപിഐ മാണിബന്ധം ഉയര്‍ത്തിക്കാട്ടി ചോദ്യം ചെയ്യുന്നത്.
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തുടങ്ങിയ അഭിപ്രായവ്യത്യാസം കോട്ടയത്തെ സി പി എം കേരള കോണ്‍ഗ്രസ് ബന്ധത്തിലൂടെ കൂടുതല്‍ മോശമാകുകയാണ്. മാണിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള സി പി എം നീക്കം ഇടത് രാഷ്ട്രീയത്തിന്റെ വ്യതിയാനമാണെന്ന വിമശനമുയര്‍ത്തിയാണ് സി പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിമര്‍ശനത്തിന് പുതിയ മൂര്‍ച്ഛ തീര്‍ത്തത്. മാണിക്കെതിരെ നടത്തിയ സമരങ്ങളുടെ കൂടി അടിസ്ഥാനത്തിന്റെ ഫലമാണ് ഇടത് സര്‍ക്കാരെന്ന കാനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഒരു രീതിയിലുമുള്ള വ്യതിചലനത്തിന് അനുവദിക്കില്ലെന്ന സൂചനയായി. മുഖ്യമന്ത്രിക്കെതിരെ കൂടി നിലപാട് വ്യക്തമാക്കി വരും ദിവസങ്ങളില്‍ പോര്‍ മുഖം ഏത് ദിശയിലേക്കെന്ന് വ്യക്തമാക്കാനും കാനം മറന്നില്ല.
ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിന് സിപിഎമ്മാണ് തടസം നില്‍ക്കുന്നതെന്ന എ കെ ആന്റണിയുടെ പ്രസ്താവനയെ ബിഹാറിലെ ഉദാഹരണം ചൂണ്ടിക്കാട്ടി കാനം പരോക്ഷമായി ശരിവച്ചു. ബിജെപിക്കെതിരെ വിശാലസഖ്യത്തിന് കോണ്‍ഗ്രസുമായി ചേരുന്നതില്‍ തെറ്റില്ലെന്ന സിപിഐ നിലപാട് ഇടത് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനിടയില്‍ സിപിഎം - സിപിഐ പോര് മുറുകുന്നത് മുന്നണിക്കുള്ളില്‍ പുതിയ പ്രതിസന്ധി ഉണ്ടാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam