
തിരുവനന്തപുരം:ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എല്‍ഡിഎഫ് നയത്തിന് വിരുദ്ധമല്ലെന്ന് കാനം രാജേന്ദ്രന്‍. ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചത് സിപിഐയും പാര്‍ട്ടി മന്ത്രിമാരും അറിഞ്ഞില്ലെന്ന് മുന്‍പ് പ്രതികരിച്ച കാനം രാജേന്ദ്രനാണ് നിലപാടില്‍ മലക്കം മറിഞ്ഞത്. അബ്കാരി നയത്തിന് വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ആവശ്യമുള്ളിടത്ത് മദ്യം കൊടുക്കുക എന്നതാണ് എൽഡിഎഫ് നയം. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെയെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ ബ്രൂവറിക്കായി കിന്‍ഫ്രയില്‍ ഭൂമി അനുവദിച്ചിട്ടില്ലെന്നും കൊടുക്കാത്ത ഭൂമിയുടെ പേരിലാണ് വിവാദമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
ബ്രൂവറിക്കായി അനുമതി നൽകുമ്പോള്‍ സ്ഥലം പരിശോധിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞിരുന്നു. ലൈസൻസ് നൽകാനുള്ള തീരുമാനം മാത്രമാണ് എടുത്തത്. ഇതുവരെ ഒരു കമ്പനിക്കും ലൈസന്‍സ് നല്‍കിയിട്ടില്ല. ഇപ്പോൾ നടന്നത് പ്രാഥമിക നടപടികൾ മാത്രമെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് ടി.പി. രാമകൃഷ്ണൻ പറഞ്ഞത്.
ബ്രൂവറിക്കായി കിൻഫ്ര പാർക്കിൽ ഭൂമി നൽകിയെന്ന സർക്കാർ ഉത്തരവ് തെറ്റെന്ന് തെളിഞ്ഞിരുന്നു. കിൻഫ്ര പാർക്കിൽ പത്തേക്കർ അനുവദിച്ചു എന്നായിരുന്നു ഉത്തരവ്. എന്നാല്‍ പവർ ഇൻഫ്രാടെകിന് കിൻഫ്ര പാർക്കിൽ ഭൂമി നൽകിയിട്ടില്ല. അതുകൊണ്ടാണ് ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത്. ബ്രൂവറിക്കായി പലയിടത്തും ഭൂമി നല്‍കിയെന്ന നാല് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പവര്‍ ഇന്‍ഫ്രാടെക് എന്ന കമ്പിനിക്ക് എറണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ 10 ഏക്കര്‍ നല്‍കിയെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ കിന്‍ഫ്രാ പാര്‍ക്കില് ഇങ്ങനെയൊരു 10 ഏക്കര്‍ അനുവദിച്ചിട്ടില്ല. എറണാകുളത്തോ സമീപ ജില്ലകളിലോ 10 ഏക്കര്‍ കൊടുക്കാനുള്ള ഭൂമി കിന്‍ഫ്രയുടെ കയ്യിലില്ലെന്നുള്ളതാണ് വസ്തുത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam