ശബരിമല: സർവ്വകക്ഷിയോഗത്തിന് മുന്നോടിയായി കാനം-കോടിയേരി കൂടിക്കാഴ്ച

By Web TeamFirst Published Nov 15, 2018, 10:50 AM IST
Highlights

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി.  ശബരിമല പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിന് മുന്നോടിയായിട്ടാണ് കൂട്ടിക്കാഴ്ച. 

തിരുവനന്തപുരം: സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനുമായും കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ശബരിമല പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിന് മുന്നോടിയായിട്ടാണ് കൂട്ടിക്കാഴ്ച. സമാധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ശബരിമല പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച സർവ്വകക്ഷിയോഗം രാവിലെ 11-ന് നടക്കും. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന് നടക്കും. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നിനായിരിക്കും തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രത്യേകയോഗം. യുവതീ പ്രവേശന വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സർക്കാർ വിശദീകരിക്കും. സർക്കാർ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും. നാളെ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങാനിരിക്കെ സർക്കാർ യുവതീപ്രവേശനത്തിൽ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വീണ്ടും വിസമ്മതിച്ചതോടെ സർക്കാറിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയിൽ നിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷെ ശക്തമായ പ്രതിഷേധം ഉയരുമെന്ന വിവിധ സംഘടനകളുടെ മുന്നറിയിപ്പും സർക്കാറിന് മുന്നിലുണ്ട്. യുവതികളെ നിർബന്ധപൂർവ്വം കൊണ്ട് വരില്ലെന്ന നിലപാട് സർക്കാർ ആവർത്തിക്കും. ഈ സാഹചര്യത്തിൽ യുവതീപ്രവേശനം മണ്ഡല- മകരവിളക്ക് കാലത്ത് അനുവദിക്കരുതെന്നാകും കോൺഗ്രസ്സും ബിജെപിയും പന്തളം കുടുംബവുമെല്ലാം ആവശ്യപ്പെടുക. പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെയെങ്കിലും യുവതീപ്രവേശം അനുവദിക്കരുതെന്നതാകും ഇവരുടെ ആവശ്യം. യുവതികൾ എത്തിയാൽ നട അടച്ചിടുമെന്ന നിലപാടെടുത്ത തന്ത്രി കുടുംബത്തിൻറെ അഭിപ്രായങ്ങൾക്കും പ്രാധാന്യമുണ്ട്. സർക്കാറും വിധിയെ എതിർക്കുന്നവരും നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ചർച്ചകളിൽ സമവായത്തിനുള്ള സാധ്യത കുറവാണ്. 

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യോഗതീരുമാനം തൃപ്തികരമല്ലെങ്കിൽ അയ്യപ്പകർമസമിതി എടുക്കുന്ന തീരുമാനത്തിന് പിന്തുണ നൽകുമെന്ന് ശ്രീധരൻപിള്ള അറിയിച്ചു. പന്തളം കൊട്ടാരവും തന്ത്രികുടുംബവും പങ്കെടുക്കുമെന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ പറഞ്ഞിരുന്നു. വിശ്വാസികളുടെ അവകാശസംരക്ഷണവും സമവായനീക്കവും പ്രധാനമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഘർഷം ഒഴിവാക്കാനാണ് ശ്രമമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബുധനാഴ്ച വ്യക്തമാക്കി.

click me!