
തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ കടുത്ത നിലപാടെടുത്തത് ഇടതുപക്ഷത്തിന്‍റെ വിശ്വാസ്യത തകരുന്നുവെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍. നടപടി അസാധാരണമാണെന്ന ഉത്തമ ബോധ്യത്തോടെയാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചത്.
സ്വജനപക്ഷപാതവും അധികാര ദുര്‍വ്വിനിയോഗവുമാണ് യുഡിഎഫിന് തിരിച്ചടിയായതെന്നോര്‍ക്കണമെന്നും മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ കാനം വ്യക്തമാക്കുന്നു. രാജി വയ്ക്കുന്നതിന് തൊട്ടുമുന്‍പ് തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ നിന്നുവിട്ടു നിന്ന സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. ഇതിനാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി മുഖപത്രത്തിലൂടെ ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്.
നടപടി അസാധാരണമാണെന്ന ഉത്തമബോധ്യം പാര്‍ട്ടിക്കും മന്ത്രിമാര്‍ക്കും ഉണ്ട്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് പ്രേരിപ്പിച്ചത്. പ്രതീക്ഷിച്ച ലക്ഷ്യപ്രാപ്തിയിലേക്ക് അത് കേരളത്തെ നയിച്ചുവെന്നും കാനം വ്യക്തമാക്കുന്നു. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടേയും കീഴ്വഴക്കങ്ങളുടേയും ലംഘനമായിരുന്നു.
അതിനാലാണ് അസാധാരണ നടപടിയിലേക്ക് നീങ്ങേണ്ടി വന്നത്. സംശുദ്ധിയും സുതാര്യതയുമാണ് ജനങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതുവരെ അത് നിറവേറ്റിയെങ്കിലും തോമസ് ചാണ്ടി വഷയത്തില്‍ എടുത്ത നിലപാട് ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചു. അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ മുന്നണിയും അതിലെ അംഗങ്ങളും ബാധ്യസ്തരാണ്.
ആ ബാധ്യതയാണ് സിപിഐ നിറവേറ്റിയതെന്നും കാനം വ്യക്തമാക്കുന്നു. നിമയപരമായ എല്ലാ സാധ്യതകല്‍ക്കും ക്ഷമാപൂര്‍വം സിപിഐ നിന്നു കൊടുത്തു. പൊതുവേദിയില്‍ വെല്ലുവിളിച്ചിട്ടും പിടിച്ചു നിന്നു. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാമായിരുന്നിട്ടും അതിന് മുതിര്‍ന്നില്ല. ഒടുവില്‍ ന്യായമായ വികാരങ്ങളെ ഹനിക്കുന്ന ഘട്ടത്തിലാണ് കര്‍ശന നിലപാടെടുക്കേണ്ടി വന്നതെന്നും ലേഖനത്തില്‍ കാനം പറയുന്നു.
സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായതെന്നോര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിക്ക് നേരെ ഒരു ഒളിയമ്പും കാനം തൊടുക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam