
കണ്ണൂര്‍: അടുത്ത വര്‍ഷം സെപ്തംബറില്‍ വിമാനം പറന്നുയരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ അതിവേഗം പുരോഗമിക്കുകയാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍. വടക്കന്‍ കേരളത്തിന് കുതിപ്പേകുന്ന വിമാനത്താവളം പ്രതീക്ഷയോടെ കാണാനെത്തുന്ന പ്രവാസികളും കുറവല്ല. ഏതൊരു അന്താരാഷ്‌ട്ര വിമാനത്താവളത്തെോടും ഒപ്പമെത്തുന്ന പ്രൗഢിയിലാകും കണ്ണൂര്‍ വിമാനത്താവളം പണി പൂര്‍ത്തിയാകുമ്പോള്‍ എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ നിര്‍മ്മാണ പുരോഗതി. പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ കേരളത്തിലെ ഏറ്റവും വലുതും അന്താരാഷ്‌ട്രതലത്തില്‍ നാലാമത്തേതുമാകും.
റണ്‍വേ നാലായിരം മീറ്ററാകുന്നതോടെ ജംബോ വിമാനങ്ങളും കണ്ണൂരിലിറങ്ങും. വിമാനത്താവളത്തിലേക്കുള്ള റോഡുകളും, ഫ്ലൈ ഓവറുകളും, നിര്‍മ്മാണം പൂര്‍ത്തിയായി. യാത്രക്കാരെ വിമാനത്തിലേക്കും തിരികെയും എത്തിക്കുന്ന 3 എയ്റോ ബ്രിജുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റില്‍ യന്ത്രഭാഗങ്ങള്‍ സജ്ജീകരിക്കുകയാണ്. അഗ്നിശമന വിഭാഗത്തില്‍ ഓസ്ട്രിയയില്‍ നിന്നെത്തിച്ച 4 യൂണിറ്റുകള്‍ പൂര്‍ണ സജ്ജം. പാസഞ്ചര്‍ ടെര്‍മിനലുള്‍പ്പെടുന്ന ഭാഗമാണ് കാഴ്ച്ചയില്‍ സുന്ദരം. കണ്‍വെയര്‍ ബെല്‍റ്റുകളും എസ്കലേറ്ററുകളും പൂര്‍ത്തിയായിട്ടില്ല. വൈദ്യുതിയും ലഭിക്കാനുണ്ട്. വിമാനത്താവളം കാണാനെത്തുന്ന പ്രവാസികളടക്കമുള്ളവര്‍ക്ക് പ്രതീക്ഷ വാനോളം.
നിലവില്‍ ജെറ്റ് എയര്‍വേസ് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും സര്‍വ്വീസിന് അനുമതിയായിക്കഴിഞ്ഞു. തടസ്സങ്ങളില്ലാതെ മുന്നോട്ടു പോയാല്‍ മാത്രമാണ് സെപ്തംബറിന് മുന്‍പ് കമ്മിഷന്‍ ചെയ്യാനുള്ള യത്നം സഫലമാവുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam