
കണ്ണൂർ: പ്രതിപക്ഷ ബഹിഷ്ക്കരണത്തിനിടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാളെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം. ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. വിമാനത്താവളം മുതൽ മട്ടന്നൂർ വരെ ദീപാലങ്കാര പ്രഭയിൽ മുങ്ങി നിൽക്കുകയാണ്. പൊതുജനങ്ങൾ വിമാനത്താവളം കാണാനെത്തുന്നുണ്ട്.
പൊതുജനങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങുകൾക്ക് എത്താനായി പ്രത്യേക ബസ് സർവ്വീസും കിയാൽ ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണവുമുണ്ടാകും. ഭൂമി വിട്ടു നൽകിയവർ മുതൽ ഓഹരിയുടമകളെയും വിമാനത്താവളത്തിനായി പ്രയത്നിച്ചവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയ മുൻ മുഖ്യമന്ത്രി ഇ.കെ നായനാരോടുള്ള ആദരസൂചകമായി ഭാര്യ ശാരദ ടീച്ചറടക്കമുള്ളവരെ പ്രത്യേകം ക്ഷണിച്ചു.
രാവിലെ പത്തിനാണ് ഉദ്ഘാടനച്ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. വിമാനത്താവളം തറക്കല്ലിടൽ മുതൽ ഭൂമിയേറ്റെടുത്ത് അന്തിമഘട്ട നിർമ്മാണം വരെയെത്തിച്ച രണ്ട് മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും ചടങ്ങിലില്ലാത്തത് കല്ലുകടിയും രാഷ്ട്രീയ വിവാദവുമായി. ഇരുവരെയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ബഹിഷ്ക്കരണവും ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാർച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങളും സുരക്ഷയുമുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam