കണ്ണൂർ സിപിഎമ്മിന് കുരുക്കായി വീണ്ടും സിബിഐ അന്വേഷണം

By Web DeskFirst Published Mar 7, 2018, 6:22 PM IST
Highlights
  • കണ്ണൂരിൽ ഇതിനോടകം മൂന്ന് രാഷ്ട്രീയ കൊലപാതകക്കേസുകളിൽ സിബിഐ അന്വേഷണം നേരിടുന്ന സിപിഎമ്മിന് ഷുഹൈബ് വധക്കേസിലെ കോടതി വിധി വലിയ തിരിച്ചടിയാണ്

കണ്ണൂര്‍: കണ്ണൂരിൽ ഇതിനോടകം മൂന്ന് രാഷ്ട്രീയ കൊലപാതകക്കേസുകളിൽ സിബിഐ അന്വേഷണം നേരിടുന്ന സിപിഎമ്മിന് ഷുഹൈബ് വധക്കേസിലെ കോടതി വിധി വലിയ തിരിച്ചടിയാണ്.  കേസിലെ ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തിക്കുന്നതിലും ആയുധങ്ങൾ കണ്ടെത്തുന്നതിലും വൈകിയ പൊലീസ് കോടതിയുടെ വിമർശനം ക്ഷണിച്ചു വരുത്തുകയും ചെയ്തു.  പ്രാദേശിക രാഷ്ട്രീയ സംഘർഷത്തെത്തുടർന്നുണ്ടായ കൊലപാതകം എന്നതിനപ്പുറം കൊലപാതകത്തിലെ ഗൂഢാലോചന കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.

തലശേരി ഫസൽ, അരിയിൽ ശുക്കൂർ, കതിരൂർ മനോജ്. ഒന്നിന് പിറകെ ഒന്നായി 3 വധക്കേസുകളിൽ സിബിഐ അന്വേഷണത്തിൽ വലയുന്ന സിപിഎം, ഷുഹൈബ് വധം നടന്ന രാത്രി മുതൽ പാർട്ടിക്ക് നേരെ ഉയർന്ന ഓരോ ആരോപണങ്ങളെയും പ്രതിരോധിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഒടുവിൽ കൊല നടന്ന് മൂന്നാം ആഴ്ച്ചയിൽ സിബിഐ അന്വേഷണമെത്തുമ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ട കണ്ണൂർ നേതൃത്വം പൊലീസിനെയല്ല പാർട്ടിയന്വേഷണത്തെയാണ് വിശ്വാസമെന്ന മുൻ നിലപാടും മയപ്പെടുത്തുന്നു. 

രാഷ്ട്രീയ തിരിച്ചടിക്ക് പുറമെ, കേസിൽ യു.എ.പി.എ കൂടി ചുമത്തുന്നതോടെ പാർട്ടിയംഗങ്ങൾ ഉൾപ്പെട്ട കേസ് കണ്ണൂരിൽ പാർട്ടിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. പാർട്ടിക്കാരെ സംരക്ഷിക്കില്ലെന്ന് ആവർത്തിക്കുമ്പോഴും സിബിഐയുടെ വിശ്വാസ്യതയെ ചൂണ്ടിയാണ് സിപിഎം പ്രതികരണം.

കെ സുധാകരനെ മുൻനിർത്തി നയിച്ച സമരം ലക്ഷ്യംകണ്ടതിലെ ആവേശത്തിലുള്ള കോൺഗ്രസ്, തുടർന്നും ലക്ഷ്യമിടുന്നത് ആഭ്യന്തര വകുപ്പിനെ തന്നെ. അന്വേഷണത്തെച്ചൊല്ലി ഉയർന്ന ആക്ഷേപങ്ങൾക്ക് പുറകെ പോകുന്ന തരത്തിലായിരുന്നു കേസിലെ ഓരോഘട്ടവും. കൊലനടന്ന തൊട്ടടുത്ത ദിവസം മട്ടന്നൂരിലെ വെള്ളപ്പറമ്പിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഒരു വാൾ കണ്ടെത്തിയ പൊലീസ്, പിന്നീട് ഇതേ സ്ഥലത്ത് നിന്ന് 3 വാളുകൾ കൂടി കണ്ടെത്തിയത് 18 ദിവസങ്ങൾക്ക് ശേഷം. 

വാൾ മാത്രമല്ല കൊലക്കുപയോഗിച്ച ആയുധമെന്ന വാദമുയർന്നതോടെ ഒരു മഴുവടക്കം 3 ആയുധങ്ങൾ കൂടി വീണ്ടും ഇതേസ്ഥലത്ത് നിന്ന് കണ്ടെടുത്തത് കുടുംബത്തിന്റെ ഹർജി കോടതി പരിഗണിക്കുന്നതിന് തൊട്ടു തലേന്ന്. പ്രാദേശിക സംഘർഷങ്ങളെ കാരണമായി പറയുന്ന പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തവരിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗമായ അസ്ക്കറാണ് നേതൃനിരയിലെയും ഗൂഢാലോചനയിലെയും പ്രധാനി.  ചുരുക്കത്തിൽ ഗൂഢാലോചനക്കൊപ്പം കൊലപാതകത്തിന്‍റെ കാരണം തന്നെയാകും മുന്നോട്ടുള്ള ഘട്ടത്തിലും ശ്രദ്ധാകേന്ദ്രം.
 

click me!