
കണ്ണൂര്‍: ഒരേ കുടുംബത്തിലെ മൂന്നുപേർ നാല് മാസങ്ങളുടെ ഇടവേളയിൽ മരിച്ചതിന്റെ ദുരൂഹതയിൽ ഭയന്ന് കണ്ണൂരിലെ ഒരു കുടുംബം. മരണകാരണം പോലും വ്യക്തമല്ലാതെ മൂന്ന് പേർ മരിച്ചതിന് പുറമെ വീട്ടിലവശേഷിച്ച ഒരാൾ കൂടി സമാനസാഹചര്യത്തിൽ ചികിത്സയിലുമാണ്. പിണറായി പടന്നക്കരയിലെ കുഞ്ഞിക്കണ്ണന്റെ കുടുംബത്തിലാണ് തുടർമരണങ്ങൾ ഭീതി വിതക്കുന്നത്.
6 വർഷം മുൻപ് ഒരു വയസ്സുകാരി കീർത്തനയിലാണ് മരണ പരമ്പരയുടെ തുടക്കം. ഛർദിയെത്തുടർന്നായിരുന്നു മരണം. സങ്കടത്തിൽ മുങ്ങിയ കുടുംബത്തിലേക്ക് ഈവർഷം ജനുവരിയിൽ വീണ്ടും മരണമെത്തി. നാലാം ക്ലാസുകാരിയും കുഞ്ഞിക്കണ്ണന്റെ പേരക്കുട്ടിയുമായ ഐശ്വര്യയിലൂടെ. ആദ്യ രണ്ട് മരണങ്ങൾ സ്വാഭാവികമെന്ന് കരുതിയിരിക്കെ, മാർച്ച് മാസത്തിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ കമലയും പിന്നാലെ കഴിഞ്ഞയാഴ്ച്ച കുഞ്ഞിക്കണ്ണനും മരിച്ചതോടെ നാട് ഭയന്നുവിറച്ചു.
നാല് മാസത്തിനിടെയുണ്ടായ മൂന്ന് മരണങ്ങളിൽ ശൂന്യമായി വീട്. എല്ലാവരുടെ മരണം ഛർദിയിൽ തുടങ്ങി ഇനിയും കണ്ടെത്താനാകാത്ത കാരണങ്ങളോടെ. ഇതോടെ കേസെടുത്ത് അന്വേഷണം നടക്കുനനതിനിടെയാണ് ഈ വീട്ടിൽ അവശേഷിച്ച മകൾ സൗമ്യ കൂടി സമാന സാഹചര്യത്തിൽ ഇപ്പോൾ ചിക്ത്സയിൽ കഴിയുന്നത്.
ഭർത്താവിൽ നിന്ന് അകന്ന് സ്വന്തം വീട്ടിൽ കഴിയുന്ന സൗമ്യയുടെ മക്കളാണ് നേരത്തെ മരിച്ച കീർത്തനയും ഐശ്വര്യയും. സൗമ്യക്ക് മുഖ്യമന്ത്രി ഇടപെട്ട് മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ളത്തിലെ വിഷാംശമാണോയെന്ന സംശയത്തിൽ കിണറിലെ വെള്ളം പരിശോധിച്ചിട്ടും അസ്വാഭാവികമായൊന്നും കണ്ടെത്താനായിട്ടില്ല. കുഞ്ഞിക്കണ്ണന്‍റെയും കമലയുടെ ആന്തരികാവയവങ്ങളുടെ വിശദ പരിശോധനാ റിപ്പോർട്ട് കാത്തിരിക്കുകയാണ് തലശേരി പൊലീസ്. അതുവരെ ആശങ്കയിൽ കഴിയുകയാണ് ഈ കുടുംബവും ബന്ധുക്കളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam