
കണ്ണൂര്‍: പിടിച്ചെടുത്ത തൊണ്ടി മുതൽ ആക്രിക്കടക്കാരന് വിറ്റ് കണ്ണൂർ തളിപ്പറമ്പിലെ പൊലീസുകാർ. മണൽ കടത്തുന്നതിനിടെ ഡ്രൈവർ ഉപേക്ഷിച്ച് കടന്ന ലോറിയാണ് കത്തിച്ച ശേഷം ആക്രിക്കച്ചവടക്കാരന് വിറ്റത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ 5 പൊലീസുകാർക്കെതിരെ റിപ്പോർട്ട് തേടിയിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി.
കഴിഞ്ഞ മൂന്നാം തിയതിയായിരുന്നു, തളിപ്പറമ്പ് പറപ്പൂലിൽ മണൽ കടത്തുന്ന ലോറിയെ തളിപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് പിന്തുടർന്നത്. കൂടുതൽ പൊലീസ് എത്തിയതോടെ മണൽ ലോറി ഡ്രൈവർ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു. ഇതിന് ശേഷമായിരുന്നു 4 പൊലീസുകാർ ചേർന്ന് വാഹനം കത്തിച്ച് ഖലാസികളെ എത്തിച്ച് ആക്രിക്കാരന് ലോറി വിറ്റത്. സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടരി പരാതി നൽകിയതോടെയാണ് വിവരം പുറത്തെത്തിയത്. പൊലീസുകാർക്കെതിരെ റിപ്പോർട്ട് തേടിയിരിക്കുകയാണ് ജില്ലാ പൊലീസ് മേധാവി. കത്തിച്ച വാഹനം തിരികെ സ്റ്റേൽനിലെത്തിച്ചു. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി ഉണ്ടാകുമെന്ന് എസ്.പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നേരത്തെയും ഇത്തരത്തിൽ ആക്രി സാധനങ്ങൾ പൊലീസുകാരിൽ നിന്ന് വാങ്ങിയതായി ആക്രിക്കാരനും മൊഴി നൽകിയതായാമ് വിവരം. ഖലാസികളിൽ നിന്നും മൊഴിയെടുത്തു. പിടിച്ചെടുത്ത വസ്തു തൊണ്ടി മുതലായി സ്റ്റേഷനിൽ എത്തിക്കണമെന്നിരിക്കെയാണ് ക്രമക്കേട് നടന്നത്. കോടികൾ വിലവരുന്ന വാഹനങ്ങൾ സ്റ്റേഷനുകളിൽ കിടന്ന് നശിക്കുമ്പോൾ സമാനമായി നടന്നിരിക്കാവുന്ന സംഭവങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
പിടിച്ചെടുക്കുന്ന വാഹനങ്ങളിൽ നിന്ന് വിലയേറിയ ഭാഗങ്ങൾ ഊരിമാറ്റുന്ന സംഭവങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. അതേസമയം തളിപ്പറമ്പിലേത് പൊലീസുകാർക്കിടയിലുള്ള പടലപ്പിണക്കത്തിന്റെ ഭാഗമായി നടന്നതാണെന്ന് മുതിർന്ന പൊലീസുകാർ പറയുന്നു. ഏതായാലും പൊലീസ് സേനക്ക് നാണക്കേടാകുന്ന സംഭവങ്ങളാണുണ്ടായതെന്നും ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam