സമ്മാനമായി കിട്ടിയ ലംബോര്‍ഗിനി മാര്‍പാപ്പ ഇറാഖിന് വേണ്ടി വില്‍ക്കുന്നു

By Web DeskFirst Published Nov 16, 2017, 11:36 AM IST
Highlights

വത്തിക്കാന്‍: സമ്മാനമായി ലഭിച്ച ലംബോര്‍ഗിനി ലേലത്തിന് വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലംബോര്‍ഗിനിയുടെ സ്പെഷ്യല്‍ എഡിഷന്‍ ഹുരാകേനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കിട്ടിയത്. എന്നാല്‍ അത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തില്‍ താറുമാറായ ഇറാഖിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലം ചെയ്യാന്‍ മാര്‍പാപ്പയ്ക്ക് ആലോചിക്കാന്‍ സമയം കൂടി വേണ്ടി വന്നില്ല. വെള്ള നിറത്തില്‍ സ്വര്‍ണനിറത്തിലുള്ള ഡീറ്റെയ്ലിങുമുളള ലംബോര്‍ഗിനി ബുധനാഴ്ചയാണ് മാര്‍പാപ്പയ്ക്ക് ലഭിക്കുന്നത്. ലോക പ്രശസ്തരായ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ഇറ്റലിയിലെ ലംബോര്‍ഗിനിയാണ് മാര്‍പ്പാപ്പയ്ക്ക് കാര്‍ സമ്മാനിച്ചത്.

രണ്ട് കോടിയോളം രൂപയാണ് ലംബോര്‍ഗിനിയുടെ ഹുരാക്കാന്‍റെ വിലയായി കമ്പനി നിശ്ചയിച്ചിട്ടുള്ളത് . വത്തിക്കാനിലെ മാര്‍പാപ്പയുടെ താമസ സ്ഥലത്ത് വെച്ചാണ്‌ കാര്‍ മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചത്. സമ്മാനമായി ലഭിച്ച കാറിനെ ആശിര്‍വദിച്ച മാര്‍പ്പാപ്പ  കാര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ലേലം ചെയ്യാനാണ് താല്‍പര്യമെന്നും അറിയിക്കുകയായിരുന്നു. ആഡംബര വാഹനത്തില്‍ മാര്‍പാപ്പ തന്റെ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. 

എളിയ ജീവിതം നയിക്കുകയും മാതൃക പരമായ നിലപ്പാടുകള്‍ പുലര്‍ത്തുകയും ചെയ്ത് ലോകത്തിന്‍റെ തന്നെ  ആരാധന പാത്രമായ മാര്‍പാപ്പ  ഇതിനു മുന്‍പും സമ്മാനമായി ലഭിച്ച വാഹനങ്ങള്‍ ലേലം ചെയ്തിട്ടുണ്ട്. 2014 ല്‍ സമ്മാനമായി ലഭിച്ച ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കും പോളണ്ട്‌ സന്ദര്‍ശനത്തിനിടെ ഉപയോഗിച്ച വോള്‍ക്സ്വാഗന്‍ ഗോള്‍ഫ് കാറും ഇതിന് മുമ്പ് ലേലം ചെയ്തിട്ടുണ്ട്. ആരെങ്കിലും സമ്മാനമായി എന്തെങ്കിലും തന്നാല്‍ അത് മറ്റൊരാളുമായി പങ്ക് വക്കാന്‍ കൂടി തയ്യാറാകാത്ത മനസ്ഥിതിയിലേയ്ക്ക് വേറിട്ട മാതൃകയാവുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. 
 

click me!