കോടതിയിലെ മദ്യം അടിച്ചുമാറ്റി, ബസ് സ്റ്റാന്‍ഡില്‍ ആദായ വില്‍പ്പന, പൂസായി കള്ളന്‍ പിടിയില്‍

By Web DeskFirst Published Oct 25, 2017, 8:09 PM IST
Highlights

പയ്യന്നൂര്‍: തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന കോടതിയിലെ പ്രോപ്പര്‍ട്ടി മുറിയില്‍ നിന്നും മദ്യം മോഷ്ടിച്ച് പൂസായ കള്ളനെ പൊലീസ് പിടികൂടി. മദ്യലഹരിയില്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പരസ്യമായി അടിയുണ്ടാക്കിയതോടെയാണ് പൊലീസെത്തി പിടികൂടിയത്.  ആലപ്പടമ്പ് സ്വദേശി രാജനാണ് പിടിയിലായത്.

പയ്യന്നൂര്‍ കോടതി നിലനില്‍ക്കുന്ന കെട്ടിടത്തിലെ പ്രോപ്പര്‍ട്ടി മുറിയുടെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് രാജന്‍ അകത്ത് കയറിയത്. വാറ്റുചാരായവും വ്യാജമദ്യവും വിദേശമദ്യവുമടക്കം ഇരുപതിലധികം മദ്യക്കുപ്പികളാണ് മോഷ്ടിച്ചത്. കേസ് തീര്‍ന്നതും അദാലത്തില്‍ തീര്‍പ്പായതുമായ മദ്യക്കുപ്പികളായിരുന്നു ഇവ. 

മോഷ്ടിച്ച് കഴിഞ്ഞ് ഒന്ന് മിനുങ്ങിയതോടെ, ബാക്കിയുള്ള മദ്യം പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിലെത്തി ആദായ വില്‍പ്പനയും തുടങ്ങി. പിന്നാലെ ഒപ്പമുള്ളയാളോട് വാക്കേറ്റവും ബഹളവുമായതോടെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെയാണ്  രാജന്‍ ഇവ മോഷ്ടിച്ച കാര്യം വിശദീകരിച്ചത്.  പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

click me!