എസ്‍എഫ്‍ഐ നേതാക്കൾക്ക് ചട്ടം ലംഘിച്ച് പരീക്ഷ എഴുതാൻ സർവ്വകലാശാലയുടെ സഹായം

By Web DeskFirst Published Apr 12, 2018, 8:04 AM IST
Highlights
  • നെഹ്റു കോളേജിലെ എസ്.എഫ്.ഐ നേതാക്കൾക്ക് ചട്ടം ലംഘിച്ച് പരീക്ഷ എഴുതാൻ കണ്ണൂർ സർവ്വകലാശാലയുടെ സഹായം

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ എസ്.എഫ്.ഐ നേതാക്കൾക്ക് ചട്ടം ലംഘിച്ച് പരീക്ഷ എഴുതാൻ കണ്ണൂർ സർവ്വകലാശാലയുടെ സഹായം. ആദരാഞ്ജലി പോസ്റ്റർ വിവാദത്തിൽ നടപടിക്ക് വിധേയരായ വിദ്യാർത്ഥികൾക്കാണ് മതിയായ ഹാജർ ഇല്ലാതിരിക്കെ പരീക്ഷ എഴുതാൻ സർവ്വകലാശാല നേരിട്ട് അനുമതി നൽകിയത്.

എസ്.എഫ്.ഐ കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗവും നാലാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ് വിദ്യാർത്ഥിയുമായ മുഹമ്മദ് അനീഷ്, എം.പി പ്രവീൺ എന്നിവർക്ക് കണ്ണൂർ സർവ്വകലാശാല വഴിവിട്ട് സഹായം ചെയ്ത് കൊടുത്തെന്നാണ് ആരോപണം. പരീക്ഷ എഴുതാൻ എഴുപത്തഞ്ച് ശതമാനം ഹാജർ വേണമെന്നിരിക്കെ ഇരുവർക്കും അമ്പത് ശതമാനം ഹാജർ മാത്രമാണുള്ളത്. ഇവർ പരീക്ഷ എഴുതാൻ യോഗ്യരല്ലെന്ന് സർവ്വകലാശാലയെ കോളേജ് അറിയിക്കുകയും ചെയ്തിരുന്നു. ഇന്നാണ് പരീക്ഷയ്ക്ക് തുടമാകുന്നത്. ഹാൾടിക്കറ്റ് അനുവധിച്ച് കൊണ്ട് ഇന്നലെ രാവിലെ സർവ്വകലാശാല പ്രസിദ്ധീകരിച്ച പട്ടികയിൽ ഇരുവരും ഉണ്ടായിരുന്നില്ല. അറ്റൻഡൻസ് പ്രോഗ്രസ് സർട്ടിഫിക്കറ്റില്ലെന്നതായിരുന്നു കാരണമായി കാണിച്ചിരുന്നത്. രാത്രിയോടെ ഇരുവരേയും ഉൾപ്പെടുത്തി പട്ടിക പുനർപ്രസിദ്ധീകരിച്ചു. ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപടെലും ചട്ടലംഘനവും നടന്നിട്ടുണ്ടെന്നാണ് ആരോപണം.

60 മുതൽ 75 ശതമാനം വരെ ഹാജർ ഉള്ളവർക്ക് കണ്ടോണേഷൻ ഫീ അടച്ച് പരീക്ഷ എഴുതാം. ഇരുവർക്കും ഹാജർ 60 ശതമാനത്തിൽ താഴെ ആയതിനാൽ ഇത് സാധ്യമല്ല. പരീക്ഷ എഴുതാൻ അവസം നൽകണമെന്നാവശ്യപ്പെട്ട് ഇവർ നേരിട്ട് സർവ്വകലാശാലയെ സമീപിക്കുകയായിരുന്നു. ഇതിന് പിറകെയാണ് പരീക്ഷാ കൺട്രോളർ ഇരുവർക്കും ഹാൾട്ടിക്കറ്റ് അനുവധിച്ചത്. ഹാജർ പ്രശ്നവുമായി ബന്ധപ്പെട്ട് നേരത്തെ എസ്.എഫ്.ഐ കേളേജിൽ സമരം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പ്രിൻസിപ്പൽ വിരമിക്കാനിരിക്കെ ആദഞ്ജലി പോസ്റ്ററൊട്ടിച്ചതും പടക്കം പൊട്ടിച്ചാഘോഷിച്ചതും. സംഭവത്തിൽ പ്രതികരിക്കാൻ സർവ്വകലാശാല അധികൃതർ തയ്യാറായില്ല.

click me!