
കോഴിക്കോട്: കാന്തപുരം എപി സുന്നി വിഭാഗത്തിന്‍റെ ആസ്ഥാനമായ മര്‍കസിന്‍റെ വാര്‍ഷിക സമ്മേളനത്തില്‍ ലീഗ് പങ്കെടുക്കില്ല. ഇകെ വിഭാഗത്തിന്‍റെ എതിര്‍പ്പും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ അകല്‍ച്ചയുമാണ് ലീഗ് നേതാക്കളെ സമ്മേളനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന.
നാല് മുതല്‍ ഏഴ് വരെയാണ് മര്‍കസ് സ്ഥാപനങ്ങളുടെ നാല്‍പതാം വാര്‍ഷിക സമ്മേളനം. ഭരണപ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് കാന്തപുരം വാര്‍ഷിക സമ്മേളനം നടത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തുടങ്ങി പ്രധാന നേതാക്കളെല്ലാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്പോള്‍ ലീഗ് നേതാക്കളാരും സാന്നിധ്യമറിയിക്കുന്നില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ എപി വിഭാഗം ലീഗുമായി പ്രത്യക്ഷ പ്രതിഷേധത്തിലാണ്. മണ്ണാര്‍ക്കാട്ടെ സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കണമെന്ന് കാന്തപുരം പരസ്യ ആഹ്വാനം നല്‍കിയിരുന്നു. വേങ്ങരയിലും കാന്തപുരത്തിന്‍റെ പിന്തുണ ലീഗിന് കിട്ടിയില്ല. ലീഗ് നേതാക്കള്‍ കാന്തപുരവുമായി അടുക്കുന്നതിനോട് ഇകെ വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്.
മുജാഹിദ് സമ്മേളനവുമായി ബന്ധപ്പെട്ട് പ്രതിഷേധമറിയിച്ച ഇകെ വിഭാഗത്തെ ഇനിയും കൂടുതല്‍ പ്രകോപിപ്പിക്കേണ്ടെന്നും ലീഗ് കരുതുന്നു. എന്നാല്‍ പരിപാടിയിലേക്ക് തനിക്ക് ക്ഷണം കിട്ടിയിട്ടില്ലെന്നും മറ്റാരെയെങ്കിലും വിളിച്ചിട്ടുണ്ടോയെന്നറിയില്ലെന്നുമാണ് ലീഗ് ജനറല്‍സെക്രട്ടറി കെപിഎ മജീദിന്‍റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam