കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12-ന്

By Web DeskFirst Published Mar 27, 2018, 11:28 AM IST
Highlights
  • . എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. 

ദില്ലി/ബെഗംളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12-ന് നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്.  മെയ് 15-നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് നിയമസഭാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 

അതേസമയം കേരളത്തിലേയും ഉത്തര്‍പ്രദേശിലേയും ഒഴിവുള്ള നിയമസഭാ-ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ പ്രഖ്യാപിച്ചില്ല. ഇതുസംബന്ധിച്ച് പിന്നീട് പ്രഖ്യാപനമുണ്ടാവുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് അറിയിച്ചു. 

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 17-ന് പുറപ്പെടുവിക്കും. ഏപ്രില്‍ 24 വരെ സ്ഥാനാര്‍ഥികള്‍ക്ക് തങ്ങളുടെ പത്രിക സമര്‍പ്പിക്കാം. 27 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ടാവും. തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് മെഷീന്‍ ഉപയോഗിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരിനും ചിഹ്നത്തിനുമൊപ്പം അവരുടെ ചിത്രവും ഉണ്ടാവും. 

4.96 കോടി വോട്ടര്‍മാരാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം ബാക്കി നില്‍ക്കേ കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസിനും ബിജെപിക്കും വളരെ നിര്‍ണായകമാണ്.
 

click me!