ബെംഗളൂരുവിനെ ഇന്ത്യയുടെ രണ്ടാമത്തെ തലസ്ഥാനമാക്കണമെന്ന് കര്‍ണാടക മന്ത്രി

Published : Jan 21, 2018, 12:18 PM ISTUpdated : Oct 04, 2018, 11:58 PM IST
ബെംഗളൂരുവിനെ ഇന്ത്യയുടെ രണ്ടാമത്തെ തലസ്ഥാനമാക്കണമെന്ന് കര്‍ണാടക മന്ത്രി

Synopsis

ബെംഗളൂരു: ബെംഗളൂരുവിനെ ഇന്ത്യയുടെ രണ്ടാമത്തെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന കര്‍ണാടക വ്യവസായ-അടിസ്ഥാനസൗകര്യവികസന മന്ത്രി ആര്‍.വി.ദേശ്പാണ്ഡേയുടെ നിര്‍ദേശം സജീവചര്‍ച്ചയാവുന്നു. 

ഇന്ത്യയുടെ ദേശീയ തലസ്ഥാനം ഡല്‍ഹിയാണെങ്കിലും ദക്ഷിണേന്ത്യന്‍ നഗരമായ ബെംഗളൂരുവിന് രണ്ടാമത്തെ തലസ്ഥാനം എന്ന പദവി നല്‍കണമെന്നാണ് ദേശ്പാണ്ഡേയുടെ അഭിപ്രായം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വലിപ്പമുള്ള ഒരു രാജ്യത്ത് രണ്ട് തലസ്ഥാനങ്ങളുണ്ടാവുന്നത് നല്ലതാണെന്നാണ് രണ്ടാം തലസ്ഥാനം എന്ന വാദത്തെ പിന്താങ്ങി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതിക തലസ്ഥാനം എന്ന് വാഴ്ത്തപ്പെടുന്ന ബെംഗളൂരുവിനെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിക്കുക വഴി ദക്ഷിണേന്ത്യന്‍ ജനതയെ അംഗീകരിക്കുവാനും തങ്ങളേയും രാജ്യം പരിഗണിക്കുന്നുവെന്ന തോന്നല്‍ തെക്കേ ഇന്ത്യക്കാരിലുണ്ടാക്കാനും സാധിക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. 

അതേ സമയം മന്ത്രിയുടെ ഈ നിര്‍ദേശത്തെ പരിഹസിച്ചു തള്ളുകയാണ് ബിജെപി. ബെംഗളൂരു നഗരത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഫാന്‍സി ഐഡിയകളും കൊണ്ടു നടക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്നാണ് ബിജെപി നേതാവ് എസ്.സുരേഷ് കുമാറിന്റെ വിമര്‍ശനം. രാജ്യതലസ്ഥാന പദവിക്കായി ശ്രമിക്കും മുന്‍പ് നഗരത്തിലെ റോഡുകള്‍ നന്നാക്കാനാണ് സര്‍ക്കാര്‍ ആദ്യം ശ്രമിക്കേണ്ടതെന്നാണ് മന്ത്രിയുടെ ഈ നിര്‍ദേശത്തെ എതിര്‍ക്കുന്ന മറ്റുള്ളവരും പറയുന്നത്. പുറംനാട്ടുകാരെ കൊണ്ട് നിറഞ്ഞ ബെംഗളൂരുവില്‍ ഇനിയും കുടിയേറ്റക്കാരെ സൃഷ്ടിക്കാനേ ഇത്തരം നിര്‍ദേശങ്ങള്‍ സഹായിക്കൂ എന്നും എതിര്‍പ്പുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം ഒരു രാജ്യത്തിന് രണ്ട് തലസ്ഥാന നഗരങ്ങളുണ്ടാവുന്നത് അപൂര്‍വമോ അസാധാരണമോ അല്ലെന്നാണ് ദേശ്പാണ്ഡേയുടെ വാദത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ബോളീവിയ, ജോര്‍ജിയ, നെതര്‍ലെന്‍ഡ്‌സ് തുടങ്ങി ലോകത്തെ പതിനഞ്ചോളം രാജ്യങ്ങള്‍ക്ക് ഇരട്ടതലസ്ഥാനങ്ങളുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കാണെങ്കില്‍ മൂന്ന് തലസ്ഥാനങ്ങളാണുള്ളത്. നിയമം, നിയമനിര്‍മ്മാണസഭ, ഭരണം എന്നിങ്ങനെ മൂന്ന് വിഭാഗത്തിനായി മൂന്ന് നഗരങ്ങളെ തലസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്ക. 

തിരഞ്ഞെടുപ്പ് വരാനിരിക്കേ ബെംഗളൂരു നഗരത്തെ കോണ്‍ഗ്രസ് കാര്യമായി പരിഗണിക്കുന്നുവെന്ന് ധാരണ സൃഷ്ടിക്കാനാണ് മന്ത്രിയുടെ ഈ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ നരേന്ദ്രര്‍ പനി അഭിപ്രായപ്പെടുന്നത്. കുറച്ചു കാലം മുന്‍പ് വരെ ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ പേരില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ മന്ത്രി ദേശ്പാണ്ഡേ തള്ളിക്കളയുകയാണ്. ബെംഗളൂരുവിന് വേണ്ടി വളരെക്കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് തന്റേതെന്നാണ് അദ്ദേഹം പറയുന്നത്. 42.3 കി.മീ നീളത്തില്‍ നമ മെട്രോയുടെ സര്‍വീസ് വ്യാപിപ്പിച്ചതും. ആദായനിരക്കില്‍ ഭക്ഷണം നല്‍കുന്ന ഇന്ദിരാ കാന്റീനുകള്‍ നഗരത്തിനുള്ളില്‍ 150-ഇടങ്ങളില്‍ ആരംഭിച്ചതും മന്ത്രി സര്‍ക്കാര്‍ നേട്ടമായി ചൂണ്ടിക്കാട്ടുന്നു. 

നഗരത്തിലെ പാവപ്പെട്ടവര്‍ക്കായി ഒരു ലക്ഷം വീടുകള്‍നിര്‍മ്മിക്കുന്ന പദ്ധതി, 90 നഗരറോഡുകള്‍ കാല്‍നാട-സൈക്കിള്‍യാത്ര സാധ്യമാക്കും വികസിപ്പിക്കാനുള്ള പദ്ധതി, പുതിയ പാര്‍ക്കിംഗ്‌ബേകള്‍, ഔട്ടര്‍ റിംഗ് റോഡിലെ 17 കി.മീ വരുന്ന സിഗ്നല്‍ രഹിത ഇടനാഴി എന്നിവയെല്ലാം 96 ലക്ഷം പേര്‍ അധിവസിക്കുന്ന ബെംഗളൂരു നഗരത്തിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്മാനിച്ചിട്ടുണ്ടെും മന്ത്രി പറയുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്