വ്യക്തിഹത്യ നടത്തിയിട്ടില്ല; ജനവിധി തനിക്ക് അനുകൂലമായിരുന്നു: കാരാട്ട് റസാഖ്

By Web TeamFirst Published Jan 17, 2019, 2:54 PM IST
Highlights

സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള സമയം അനുവദിച്ചതില്‍ സന്തോഷമുണ്ട്. കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനവിധി തനിക്ക് അനുകൂലമായിരുന്നു. 

കോഴിക്കോട്: എതിര്‍സ്ഥാനാര്‍ത്തിക്കെതിരെ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും അങ്ങനെയൊരു വിജയം നേടിയെടുത്തിട്ടില്ലെന്നും കാരാട്ട് റസാഖ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയതിന് കൊടുവള്ളി എംഎല്‍എ  കാരാട്ട് അബ്ദുൽ റസാഖിന്‍റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരിക്കുകായിരുന്നു അദ്ദേഹം. എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കാനായി വിധി ഹൈക്കോടതി മുപ്പത് ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. 

സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള സമയം അനുവദിച്ചതില്‍ സന്തോഷമുണ്ട്. കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനവിധി തനിക്ക് അനുകൂലമായിരുന്നു. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായുള്ള ഒരു പരാതിയും പ്രവര്‍ത്തനവുമാണ് നടന്നത്. അതുസംബന്ധിച്ച വ്യക്തമായ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും കാരാട്ട് റസാഖ് പറഞ്ഞു. 

അതേസമയം ഹൈക്കോടതി വിധ് മുസ്ലീം ലീഗ് സ്വാഗതം ചെയ്തു. എം എ റസാഖിനെ വ്യക്തിപരമായ തേജോവധം ചെയ്ത് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭ്യമാണ്. സുപ്രീംകോടതിയില്‍ പോകാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് എ കെ മുനീര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന കേസില്‍ ഉള്‍പ്പെട്ട അഴീക്കോട് എം എല്‍ എ കെ എം ഷാജി നിയമസഭയില്‍ വരുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ വിഷയത്തിലെ സ്പീക്കറുടെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നതായും എ കെ മുനീര്‍ പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്യുന്നതായും ഇത് സത്യത്തിന്‍റെ വിധിയാണെന്നും എം പി ഇ ടി മുഹമ്മദ് ബഷീര്‍. എം എ റസാഖിനെ വ്യക്തിഹത്യ നടത്തിയത് പൊതുജനങ്ങള്‍ക്ക് വ്യക്തമായതാണെന്നും നിയമത്തിന്‍റെ മുമ്പില്‍ കൂടി അത് തെളിഞ്ഞതില്‍ സന്തോഷമെന്നും എം പി പറഞ്ഞു. 

click me!