കരിവെള്ളൂര്‍ സൊസൈറ്റി തട്ടിപ്പ്; പ്രതികള്‍ ബാങ്ക് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടെന്ന് മൊഴി

By Web DeskFirst Published Aug 22, 2017, 8:53 AM IST
Highlights

കണ്ണൂര്‍: മൂന്ന് കോടിയുടെ പണയത്തട്ടിപ്പ് നടന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കരിവെള്ളൂര്‍ സൊസൈറ്റിയില്‍ തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ പ്രതികള്‍ ബാങ്ക് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടതായി പിടിയിലായ സൊസൈറ്റി സെക്രട്ടറിയുടെ മൊഴി. ബാങ്കിലുള്ള പതിമൂന്നരക്കിലോ മുക്കുപണ്ടങ്ങള്‍ റെയ്ഡില്‍ കണ്ടെത്തുന്നതിന് മുന്‍പ്  സിസിടിവി ഓഫ് ചെയ്ത് കവര്‍ച്ച നടന്നെന്ന് വരുത്താനായിരുന്നു പ്രതികളുടെ ശ്രമം. മുക്കുപണ്ടം വെച്ചുള്ള തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമായ പ്രശാന്തിലേക്കും, മലപ്പുറത്തെ ചാണ്ടി കുര്യന്‍ എന്നയാളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. 

സ്വര്‍ണ്ണമെന്ന പേരില്‍ പതിമൂന്നരക്കിലോ മുക്കുപണ്ടം വെച്ച് മൂന്ന് കോടിതട്ടിയ കേസില്‍ ബുദ്ധികേന്ദ്രം സൊസൈറ്റി സെക്രട്ടറി പ്രദീപന്റെ സുഹൃത്തായ പ്രശാന്താണെന്ന് പൊലീസിന് വ്യക്തമായി. രണ്ട് കോടിയോളം രൂപ പ്രശാന്തിന്റെയും ബന്ധുക്കളുടെയും കൈകളിലേക്ക് മാത്രമായി പോയതായാണ് വിവരം. സഹകരണ വകുപ്പിന്റെ പരിശോധനയുണ്ടായാല്‍ പിടിക്കപ്പെടുമെന്ന ആശങ്ക പ്രദീപന്‍ പ്രശാന്തിനെ അറിയച്ചതോടെ, ഇത് പ്രശ്‌നമില്ലെന്നും ഒരു ദിവസത്തേക്ക് ബാങ്കിലെ സിസിടിവി ഓഫ് ചെയ്ത് തന്നാല്‍ മതിയെന്നും പ്രശാന്ത് പ്രദീപനോട് പറഞ്ഞതായാണ് മൊഴി.

ഇങ്ങനെ  ബാങ്കില്‍ കവര്‍ച്ച നടന്നെന്ന് വരുത്തുന്നതിലൂടെ സ്വര്‍ണം കളവു പോയതായി ബോധ്യപ്പെടുത്തുന്നതിനൊപ്പം മുക്കുപണ്ടങ്ങള്‍ ഇവിടെ നിന്ന് നീക്കാനുമായിരുന്നു പദ്ധതി.  മലപ്പുറം സ്വദേശിയായ ചാണ്ടി കുര്യന്‍ എന്നയാളുടെ നിലമ്പൂരിലെ ആക്‌സിസ് ബാങ്ക് ശാഖയിലേക്ക്, പയ്യന്നൂര്‍ ശാഖയില്‍ നിന്നും കൈമാറ്റം ചെയ്യപ്പെട്ട 1കോടി 4 ലക്ഷം രൂപയും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

പണയമെന്ന പേരില്‍ സൊസൈറ്റിയില്‍ മുക്കുപണ്ടം വെച്ച് പണംതട്ടിയ ശേഷം, ഇവിടുത്തെ യഥാര്‍ത്ഥ സ്വര്‍ണം മറ്റു ബാങ്കുകളില്‍ പണയം വെച്ചും പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രദീപനും പ്രശാന്തുമാണ് നിലവില്‍ പ്രതികള്‍.  തെളിവെടുപ്പിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  കാലാവധി തീര്‍ന്ന പണയങ്ങളും നടപടികള്‍ തീര്‍ക്കാതെ പ്രതികളെടുത്തിട്ടുമ്ട്.  ജ്വല്ലറികളിലേക്കും അന്വേഷണം നീളും.  അതേസമയം ചെറിയ സൊസൈറ്റിയില്‍ തന്നെ നടന്ന ഭീമവും ആസൂത്രിതവുമായ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ ക്രെഡിറ്റ് സഹകരണ സ്ഥാപനങ്ങളിലും സൊസൈറ്റികളിലും പരിശോധനക്ക് ഒരുങ്ങുകയാണ് സഹകരണ വകുപ്പ്.

click me!