എരുമയോട്ട വിലക്ക് മറികടക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു

By Web DeskFirst Published Jan 26, 2017, 2:13 AM IST
Highlights

ബംഗലൂരു: എരുമയോട്ട വിലക്ക് മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെ കുറിച്ച് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. തിങ്കളാഴ്ചത്തെ ഹൈക്കോടതി നടപടികള്‍ നിരീക്ഷിച്ചതിന് ശേഷമാകും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കുക. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ബിജെപി പിന്തുണക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തീര്‍ച്ചയായും പിന്തുണക്കും. ജല്ലിക്കെട്ടും കമ്പളയും തമ്മില്‍ വ്യത്യാസമുണ്ട്. മുഖ്യമന്ത്രി തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്. വിലക്ക് മറികടക്കും-യെദ്യൂരപ്പ വ്യക്തമാക്കി. ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്നാലെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്പള എന്ന എരുമയോട്ട മത്സരത്തിനുള്ള കോടതി വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ സജീവമാണ്.കമ്പള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രാദേശിക സമിതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഈ മാസം മുപ്പതിന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

കോടതിയുടെ ഇക്കാര്യത്തിലുള്ള നിലപാട് അനുകൂലമല്ലെങ്കില്‍ വിലക്ക് മറികടക്കുന്നതിനായി തമിഴ്നാട് മാതൃകയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്.അടുത്തമാസം ആറിന് തുടങ്ങാനിരിക്കുന്ന നിയമസഭ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ ചര്‍ച്ച നടത്തിയ ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

അതേ സമയം ശനിയാഴ്ച  ദക്ഷിണ കന്നഡയിലെ മൂഡബിദ്രിയില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന വന്‍ പ്രതിഷേധമാണ് കമ്പള പ്രാദേശിക സമിതികള്‍ സംഘടിപ്പിക്കാനിരിക്കുന്നത്.അന്ന് കോടതി വിലക്ക് ലംഘിച്ച് എരുമയോട്ടം നടത്താനും സമിതികള്‍ തീരുമാനിച്ചിട്ടുണ്ട്.

click me!