പത്തനാപുരത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് കെ ബി ഗണേഷ് കുമാർ. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളിലും ജനങ്ങളുമായുള്ള ആത്മബന്ധത്തിലുമാണ് പ്രതീക്ഷയെന്നും, തനിക്കെതിരായ ആരോപണങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.  

തിരുവനന്തപുരം: പത്തനാപുരത്ത് ഭൂരിപക്ഷം ഇത്തവണ ഇരട്ടിയാകുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. പത്തനാപുരം മണ്ഡലത്തിലെ ജനങ്ങളുമായി തനിക്കുള്ളത് നല്ല ആത്മബന്ധമാണെന്നും മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വികസനം കൊണ്ടുവന്നിട്ടുണ്ടെന്നും ഗണേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞത് കൊവിഡ് ബാധിച്ചതിനാലാണെന്നും, ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിൽ ആരെയും താൻ കുടുക്കിയിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ താൻ കുടുക്കിയെന്ന പ്രചാരണത്തിലായിരുന്നു ഗണേഷ് കുമാറിന്‍റെ മറുപടി. അത്തരമൊരു ആരോപണം ഉണ്ടെങ്കില്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് വരുമ്പോൾ പലരും കളവ് പറയുന്നു. കൂടെ നിൽക്കുന്നവർ വഞ്ചകരാണെന്ന് തിരിച്ചറിയാനുള്ള ദുഷ് ചിന്ത തനിക്കില്ലെന്നും പറയാനുള്ളത് മുഖത്ത് നോക്കി തന്നെ പറയും എന്നുമാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ ബാധിക്കില്ലെന്നും ആരുടെയും കുതന്ത്രം വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താൻ ആരാണെന്ന് പത്തനാപുരത്തുകാർക്ക് നന്നായി അറിയാം. തനിക്കെതിരെ പുതിയ ആരോപണങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെങ്കിലും അത് ഒരുക്കി കൈയിൽ വയ്ക്കാനേ പറ്റൂ; പത്തനാപുരത്ത് അത് ചെലവാകില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എൻഎസ്എസ് സംഘടനയിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.