ഐ എൻ എക്സ് മീഡിയ കോഴ: കാര്‍ത്തി ചിദംബരത്തിന് ജാമ്യം

By Web DeskFirst Published Mar 23, 2018, 4:20 PM IST
Highlights
  • കാര്‍ത്തി ചിദംബരത്തിന് ജാമ്യം
  • ദില്ലി ഹൈക്കോടതിയാണ് ജാമ്യം നൽകിയത്
  • ജാമ്യം അറസ്റ്റിലായി 22 ദിവസത്തിന് ശേഷം

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് ജാമ്യം. ദില്ലി ഹൈക്കോടതിയാണ്  കാര്‍ത്തി ചിദംബരത്തിന് ജാമ്യം നൽകിയത്. അറസ്റ്റിലായി 22 ദിവസത്തിന് ശേഷം 10 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. കാര്‍ത്തി ചിദംബരത്തിന്‍റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു പി.ചിദംബരത്തിന്‍റെ പ്രതികരണം.

മാര്‍ച്ച് 1ന് ചെന്നൈ വിമാനതതാവളത്തിൽ വെച്ചായിരുന്നു പി.ചിദംബരത്തിന്‍റെ മകനായ കാര്‍ത്തി ചിദംബരത്തെ സിബിഐ നാടകീയമായി അറസ്റ്റ് ചെയ്തത്. അന്നുതന്നെ ദില്ലിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മൂന്ന് തവണ കോടതി കസ്റ്റഡി കാലാവധി നീട്ടി. ജാമ്യത്തിനായി സുപ്രീംകോടതിയെ നേരിട്ട് സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 10 ലക്ഷം രൂപയുടെ ബോണ്ടിലാണ് അറസ്റ്റിലായി 22 ദിവസത്തിന് ശേഷം കാര്‍ത്തി ചിദംബരത്തിന് ഹൈക്കോടതി ജാമ്യം നൽകിയത്.

ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എൻ.എക്സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് പി.ചിദംബരം ധനമന്ത്രിയായിരിക്കെ കാര്‍ത്തി ചിദംബരം കോഴവാങ്ങി ഇടപെടൽ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കാര്‍ത്തി ചിദംബരത്തിന്‍റെ വസതിയിൽ നടത്തിയ റെയ്ഡിൽ ഐ.എൻ.എക്സ് മീഡിയ കമ്പനിയിൽ നിന്ന് വാങ്ങിയ 10 ലക്ഷം രൂപയുടെ വൗചര്‍ സിബിഐക്ക് കിട്ടിയിരുന്നു. മൂന്നുകോടിയിലധികം രൂപയുടെ നേട്ടം ഈ ഇടപാടിൽ കാര്‍ത്തി ചിദംബരത്തിന് ഉണ്ടായതായും സിബിഐ പറയുന്നു. കാര്‍ത്തി ചിദംബരത്തിൽ നിന്നും നിര്‍ണായക വിവരങ്ങൾ കിട്ടിയെന്നാണ് സിബിഐ നൽകുന്ന സൂചന. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയെ സമീപിച്ചേക്കും.

click me!