
കാസര്‍കോട്: ജാതിമതിലിന് ശേഷം കേരളത്തില്‍ പന്തിഭോജനത്തിലും അയിത്തം. കാസര്‍കോട് ജില്ലയിലെ കനകപ്പള്ളി തുമ്പ കോളനിയിലാണ് സംഭവം. കോളനിയിലെ നാടക കലാകാരനായ രാമകൃഷ്ണന്റെ വീട് കോണ്‍ക്രീറ്റുമായി ബന്ധപ്പെട്ടാണ് കേരളത്തിന്റെ പൊതുബോധത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന സംഭവം ഉണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച വീട് കോണ്‍ക്രീറ്റ് ചെയ്യാനായിയെത്തിയ തൊഴിലാളികള്‍ക്ക് രാമകൃഷ്ണന്റെ 70 വയസുള്ള അമ്മ ഉച്ചഭക്ഷണം നല്‍കി. എന്നാല്‍ ജോലിക്കെത്തിയ രണ്ട് പേരൊഴിച്ച് ബാക്കിയുള്ള പതിമൂന്നുപേരും അമ്മ വിളമ്പിയ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കാതെ മാറിനിന്ന രണ്ട് പേര്‍ ഉയര്‍ന്ന ജാതിയായതിനാല്‍ കോളനിയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. ഈ സമയത്ത് നാടക പ്രവര്‍ത്തകനായ രാമകൃഷ്ണന്‍ എറണാകുളത്തുമായിരുന്നു.
പിന്നീട് പണിനടക്കുമ്പോള്‍ തൊഴിലാളികളില്‍ കുറച്ച് പേര്‍ക്ക് പുറത്തുനിന്നുള്ള ഭക്ഷണം വേണമെന്നും അവര്‍ക്ക് രാമകൃഷ്ണന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്നും കോണ്‍ട്രക്റ്റര്‍ വീട്ടിലറിയിച്ചു. എന്നാല്‍ തന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ കഴിയാത്തവര്‍ ജോലിക്ക് വരേണ്ടതില്ലെന്നും ഇവരെ മാറ്റി പകരം മറ്റ് തൊഴിലാളികളെ കൊണ്ട് വന്നാല്‍ മതിയെന്നും രാമകൃഷ്ണന്‍ കോണ്‍ട്രാക്റ്ററെ അറിയിച്ചു. ഇതേ തുടര്‍ന്ന് രാമകൃഷ്ണന്റെ വീട്ടിലെ ഭക്ഷണം കഴിക്കാന്‍ തയ്യാറുള്ളവരെ കൊണ്ട് കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് രാമകൃഷ്ണന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിഷയം പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ചത്. എന്നാല്‍ പല പ്രദേശങ്ങളിലും ഇതിലും മോശമായ രീതിയില്‍ ജാതി ബോധവും അയിത്തവും നിലനില്‍ക്കുന്നുണ്ടെന്നും താന്‍ നാടകകലാകാരനായതു കൊണ്ട് ഇത്തരം നിരവധി അനുഭവങ്ങള്‍ ഇതിനുമുമ്പും തനിക്കുണ്ടായിരുന്നെന്നും രാമകൃഷ്ണന്‍ പറഞ്ഞു. തന്റെ ചേച്ചിയുടെ വീട് വാര്‍ക്കലുമായി ബന്ധപ്പെട്ട് ഇതു പോലെതന്നെ പണിക്കുവന്ന തൊഴിലാളികളില്‍ ചിലര്‍ ഉയര്‍ന്ന ജാതിയായതിനാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നും അവര്‍ക്ക് വേറെ ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. ഉയര്‍ന്ന ജാതി തൊഴിലാളികള്‍ക്ക് പുറത്തുനിന്നും മറ്റുള്ളവര്‍ക്ക് വീട്ടിലെ ഭക്ഷണം കൊടുത്തും അന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
തങ്ങളുടെ വീട്ടിലെത്തുന്ന എല്ലാവരും ഭക്ഷണം കഴിച്ച ശേഷം മാത്രമാണ് പോകാറുള്ളതെന്നും ഒരാള്‍ക്കും ഇതുവരെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ പലരും പലരീതിയിലാണ് പെരുമാറുന്നതെന്നും രാമകൃഷ്ണന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എല്ലാവരുടെയും ആഗ്രഹമാണ് ഒരു വീട് എന്ന സ്വപ്നം. എനിക്കും ഒരു വീടായി, ആ വീടിന്റെ മെയിന്‍ വാര്‍പ്പ് ഇന്ന് നടക്കുന്നു. നാടകവുമായി ബന്ധപ്പെട്ട് ഞാന്‍ എറണാകുളത്താണ്. എന്നിരുന്നാലും കൂടപ്പിറപ്പുകള്‍ കൂടി ഭംഗിയായി നിര്‍വഹിച്ചു. പക്ഷെ ഒരു സങ്കടം.., വാര്‍പ്പിന് വരുന്ന ഏഴ് പെണ്ണുങ്ങള്‍ എന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കില്ലെന്ന് മേസ്ത്രി പറഞ്ഞു. ഭാര്യ ഫോണില്‍ വിളിച്ച് പറഞ്ഞു അവര്‍ക്ക് പുറത്തു നിന്നും ഭക്ഷണമുണ്ടാക്കണം.... !? ഞാന്‍ പറഞ്ഞു അവരെ ഒഴിവാക്കി വേറെ ആള്‍ക്കാരെ വിളിക്കാന്‍: പറഞ്ഞു വരുന്നത് അയിത്തവും താഴ്ന്ന ജാതിത്വവും കേരളത്തില്‍, ഈ ഹൈടെക് യുഗത്തിലും നമ്മെ പിന്തുടരുന്നുണ്ട്. ഞാന്‍ ആരേയും അറിയിക്കാതെ വേറെ ആള്‍ക്കാരെ വിളിച്ച് പണി എടുപ്പിച്ചു. പ്രിയരെ അയിത്തമില്ലെന്ന് പറയരുതേ.... നമ്മുടെ കേരളത്തില്‍ അയിത്തമില്ല......?!!!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam