കാസർകോട് ഇരട്ടക്കൊലക്കേസ് അന്വേഷണം മന്ദഗതിയിൽ; പൊലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദമെന്ന് സൂചന

By Web TeamFirst Published Feb 20, 2019, 12:04 PM IST
Highlights

കൊലയാളി സംഘത്തിന് വിവരങ്ങൾ കൈമാറിയവരും രക്ഷപ്പെടാൻ സഹായിച്ചവരുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരിലേക്കോ ഗൂഢാലോചനയുടെ വിശദാംശങ്ങളിലേക്കോ എത്താൻ ഇനിയും പൊലീസിന് ആയിട്ടില്ല.

കാസർകോട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മേൽ ബാഹ്യസമ്മർദ്ദം ഉണ്ടാകുന്നു എന്ന് സൂചന. പൊലീസ് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിലേറെ പിന്നിട്ടിട്ടും മുൻ ലോക്കൽ കമ്മിറ്റിയംഗം പീതാംബരന്‍റെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യൽ തുടരുകയാണെങ്കിലും കൊലയാളി സംഘത്തിലേക്കെത്തുന്ന സൂചനകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ലെന്നാണ് വിവരം.

അച്ചടിച്ച് നൽകിയതുപോലെയുള്ള ഉത്തരങ്ങളാണ് കസ്റ്റഡിയിലുള്ളവർ ചോദ്യം ചെയ്യലിൽ ആവർത്തിക്കുന്നത്. കസ്റ്റഡിയിലാകും മുമ്പ് ഇവർക്ക് ചോദ്യം ചെയ്യൽ എങ്ങനെ നേരിടണമെന്ന നിയമോപദേശം കിട്ടിയിട്ടുണ്ടാകാൻ സാധ്യതയുണ്ട്. കുറ്റകൃത്യത്തിന്‍റെ സമയത്ത് കഞ്ചാവിന്‍റെ ലഹരിയിലായിരുന്നു എന്ന പീതാംബരന്‍റെ മൊഴി അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നാണ് പൊലീസ് കരുതുന്നത്. കൊല നടത്തിയത് താൻ ഒറ്റയ്ക്കാണെന്നും കമ്പിവടി കൊണ്ട്  അടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു എന്നുമാണ് പീതാംബരന്‍റെ മൊഴി.

കൊലയാളി സംഘത്തിന് വിവരങ്ങൾ കൈമാറിയവരും രക്ഷപ്പെടാൻ സഹായിച്ചവരുമാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരിലേക്കോ ഗൂഢാലോചനയുടെ വിശദാംശങ്ങളിലേക്കോ എത്താൻ ഇനിയും പൊലീസിന് ആയിട്ടില്ല. ഉത്തര കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ സ്ഥിരം ശൈലിയിലാണ് പെരിയയിലെ ഇരട്ടക്കൊലയും നടന്നത്. ഒരു ലോക്കൽ കമ്മിറ്റിയംഗത്തിന് ഒറ്റയ്ക്ക് കൊലപാതക സംഘത്തെ ഏകോപിപ്പിച്ച് ഇത്തരമൊരു കൃത്യം നടപ്പാക്കാൻ കഴിയില്ല. ഇതിലേക്ക് ബന്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങൾ, ആസൂത്രണം എന്നിവയെക്കുറിച്ചൊന്നും ഒരു സൂചനയും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.

അന്വേഷണത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ ഒരു എംഎൽഎയുടേയും ഒരു മുൻ എംഎൽഎയുടേയും ഇടപെടൽ ഉണ്ടായെന്ന് പൊലീസ് സേനയിലെ തന്നെ ചിലർ പറയുന്നു. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഇത്. പ്രതികൾ ഒളിച്ചുതാമസിച്ചതിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലെ താമസക്കാരാണ് ഇവർ രണ്ടുപേരും. ഇപ്പോൾ കസ്റ്റഡിയിലുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നതെങ്കിലും ചൊവ്വാഴ്ച പുലർച്ചെ ഇവരെ ഹാജരാക്കുകയായിരുന്നു എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ഏതായാലും നിലവിൽ കാസർകോട് ഇരട്ടക്കൊലകേസ് അന്വേഷണം മുന്നോട്ടുപോകാനാകാതെ പീതാംബരനിൽ തട്ടിനിൽക്കുകയാണ്.

click me!